ബില്ലിൽ യഥാസമയം ഒപ്പിടുന്നില്ലെന്നു പരാതി : പഞ്ചായത്ത് സെക്രട്ടറിയെ മണിക്കൂറുകളോളം തടഞ്ഞുവച്ചു
1547294
Thursday, May 1, 2025 7:15 AM IST
വിഴിഞ്ഞം: സിപിഎം ഭരിക്കുന്ന കോട്ടു കാൽ പഞ്ചായത്തിൽ പാസാക്കിയ ബില്ലിൽ യഥാസമയം ഒപ്പിടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
ചൊവ്വാഴ്ച്ച വൈകുന്നേര ത്തോടെയാണ് ഭരണകക്ഷി നേതാവായ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണ-പ്രതിപക്ഷ മെമ്പർമാർ സെക്രട്ടറി ബിന്ദുവിനെ ഉപരോധിച്ചത്.
കമ്മിറ്റികളിൽ ചായ വാങ്ങിയതുൾപ്പെടെ ആയിരം രൂപയിൽ താഴെ വരുന്ന ബില്ലുകൾ പോലും അനാവശ്യമായി തടഞ്ഞു വയ്ക്കുന്നതായി ജനപ്രതിനിധികൾ പറയുന്നു. പണം ലഭിക്കാനുള്ളവർ നിരന്തരം പഞ്ചായത്തിൽ കയറി ഇറങ്ങുകയാണെന്നും പ്രതിപക്ഷാംഗങ്ങ ൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഡിസംബർ മുതലുള്ള ഇത്തരം ബില്ലുകൾ കുടിശികയായി കെട്ടിക്കിടക്കുന്നു. സെക്രട്ടറിയുടെ അലംഭാവമായ സമീപനമാണു ബില്ലുകൾ പാസാക്കാത്തതിനു പിന്നിലെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രലേഖ പറഞ്ഞു.
ബില്ലുകൾ ഒപ്പിടാത്തതിനുപിന്നിൽ സിപിഎമ്മിലെ പടല പിണക്കവും ഒരു വിഭാഗത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നതുമാണെന്നും ആരോപണമുണ്ട്. ഉപരോധത്തിൽ നിന്നും ചില മെമ്പർമാർവിട്ടു നിന്നതും ചർച്ചയായിട്ടുണ്ട്.
വൈകുന്നേരം ആരംഭിച്ച ഉപരോധം രാത്രി 8.30 വരെ നീണ്ടുനിന്നു. സംഭവമറിഞ്ഞ് വിഴിഞ്ഞം പോലീസ് പഞ്ചായത്ത് ഓഫീസിൽ എത്തി. ഫയലുകൾ ഒരാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാമെന്ന് അസിസ്റ്റന്റ് ഡയറക്ടറും പഞ്ചായത്ത് സെക്രട്ടറിയും ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.