ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് അറസ്റ്റില്‍
1546528
Tuesday, April 29, 2025 3:56 AM IST
പേരൂര്‍ക്കട: വീടിന്റെ കോമ്പൗണ്ടില്‍ നിർത്തിയിട്ടിരുന്ന ബൈക്ക് പെട്രോള്‍ ഒഴിച്ചു കത്തിച്ചയാളെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. ഏണിക്കര സ്വദേശി അനില്‍കുമാര്‍ (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം. കുടപ്പനക്കുന്ന് ദയാനഗര്‍ പണയില്‍ വീട്ടില്‍ അനീഷിന്റെ (40) ബൈക്കാണ് അഗ്നിക്കിരയായത്. അനീഷിന്റെ ബന്ധുവാണ് അനില്‍കുമാര്‍. വീട്ടുകാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കവും വ്യക്തിവിരോധവുമാണു വാഹനം കത്തിക്കാന്‍ കാരണമായത്.
സംഭവദിവസം ഒരുകുപ്പി പെട്രോളുമായി അനീഷിന്റെ വീട്ടിലെത്തിയ അനില്‍കുമാര്‍ ബൈക്കില്‍ ഒഴിച്ചു തീ കത്തിക്കുകയായിരുന്നു. ബൈക്ക് ഏറെക്കുറെ കത്തിപ്പോയി.
പേരൂര്‍ക്കട എസ്ഐമാരായ പ്രസാദ്, സുനില്‍, എഎസ്ഐ പ്രസന്നന്, ഗ്രേഡ് എസ്സിപിഒമാരായ സിബി, മനോജ്, ഹോം ഗാര്‍ഡ് രാജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.