സേവാഭാരതി തുണയായി; സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി
1547300
Thursday, May 1, 2025 7:15 AM IST
പാറശാല: പാറശാല സ്വദേശിയായ സതീഷ്കുമാര്‍-മാലു ദമ്പതികളുടെയും രണ്ടു പെണ്മക്കളുടെയും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും തുണയായതോടെ ഇവര്‍ പുതിയ വീട്ടിലേയ്ക്ക് താമസമായി. സതീഷിന്റെ കുടുംബം വര്‍ഷങ്ങളായി കഴിഞ്ഞിരുന്നത് വാടക കെട്ടിടത്തിലായിരുന്നു. സ്വന്തമായി ഒരു വീട് എന്നതായിരുന്നു ഇവരുടെ സ്വപ്നം. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഉണ്ടെങ്കിലും പല കാരണങ്ങളാല്‍ സതീഷിന്റെ മുന്നില്‍ ആ വാതിലുകള്‍ അടഞ്ഞു.
ഒടുവിലാണ് കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയിലൂടെ സതീഷിന്റെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നത്തിനായുള്ള വഴി തെളിഞ്ഞത്. സതീഷിനും കുടുംബത്തിനും സേവാഭാരതിയും കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും നല്കുന്ന വിഷു കൈനീട്ടമാണ് ഈ പുതിയ വീട്. കഴിഞ്ഞ ദിവസം പാറശാല ഭാരതീയ വിദ്യാപീഠം സ്കൂളില്‍ നടന്ന ചടങ്ങില്‍ സതീഷിനും കുടുംബത്തിനും രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ പ്രാന്ത സംഘചാലക് പ്രഫ. എം.എസ് രമേശന് വീടിന്റെ താക്കോല്‍ കൈമാറി.
സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡി. വിജയന് മംഗള പത്രം നല്കി. സേവാഭാരതി പാറശാല പഞ്ചായത്ത് പ്രസിഡന്റ് ഹേമ അധ്യക്ഷത വഹിച്ചു .രാഷ്ട്രീയ സ്വയംസേവക സംഘം പാറശാല ഖണ്ഡ് സംഘചാലക് അശോകന് സന്ദേശ പ്രഭാഷണം നടത്തി. പാറശാല പഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രദീപ് നന്ദി പറഞ്ഞു.