ആനാട് പഞ്ചായത്തിൽ കുടുംബശ്രീ വഴി നിർബന്ധിത ഇൻഷ്വറൻസ് ചേർക്കലും പിരിവുമെന്നു വ്യാപകപരാതി
1547286
Thursday, May 1, 2025 7:03 AM IST
നെടുമങ്ങാട്: ദാരിദ്ര്യ നിർമാർജനത്തിനായി ലക്ഷ്യമിട്ട് ആരംഭിച്ചു പ്രവർത്തിച്ചുവരുന്ന കുടുംബശ്രീയുടെ ആനാട് പഞ്ചായത്തിലെ സിഡിഎസ് വഴി സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുടെ പ്രീമിയം നിർബന്ധിതമായി എടുപ്പിക്കുന്നതായും, യൂണിറ്റുകളിൽനിന്ന് സിഡിഎസിന്റെ നേതൃത്വത്തിൽ വ്യാപകമായ പിരിവ് നടക്കുന്നതായും പരാതി.
ആനാട് പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിക്കെതിരെയാണ്, പഞ്ചായത്തിലെ തന്നെ നിരവധി കുടുംബശ്രീ അംഗങ്ങളും യൂണിറ്റുകളും ആരോപണവുമായി രംഗത്തു വന്നിട്ടുള്ളത്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പ്രവർത്തനംകണ്ടു സ്വകാര്യ ഇൻഷ്വറൻസ് കമ്പനി വാർഡു തലത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിലെ ഓരോ അംഗത്തിൽനിന്നും 200 രൂപ വാർഷിക പ്രീമിയം വാങ്ങി, അത്യാഹിതം സംഭവിച്ചാൽ രണ്ടു ലക്ഷം രൂപ വരെ അപകട ഇൻഷ്വറൻസ് നൽകാമെന്നു വാഗ്ദാനം നൽകിയാണ് ആളുക ളെ ചേർക്കുന്നത്.
ആനാട് പഞ്ചായത്തിലെ നിലവിലുള്ള 19 വാർഡുകളിലും ഓരോ വാർഡിലും 15 മുതൽ 20 വരെ കുടുംബശ്രീ യൂണിറ്റുകൾ ഉണ്ട്. ഇതിൽ തന്നെ ഓരോ യൂണിറ്റിലും 15 നും 20 നും ഇടയിൽ അംഗങ്ങളും ഉണ്ട്. എല്ലാ കുടുംബശ്രീ അംഗങ്ങളും സ്വകാര്യ ഇൻഷ്വറൻസ് പോളിസി നിർബന്ധമായും എടുക്കണമെന്നും, സ്വകാര്യ പോളിസി എടുക്കാത്ത യൂണിറ്റുകൾക്ക് കുടുംബശ്രീ വഴിയുള്ള ആനുകൂല്യങ്ങൾ നൽകില്ലെന്നും ഭീഷണിയുണ്ട്.
പ്രധാനമായും ബാങ്കുകൾ നൽകുന്ന വായ്പയ്ക്ക് വേണ്ടിയുള്ള അധികാരപത്രം നൽകില്ലെന്ന ഭീഷണിയാണ് സിഡിഎസ് കമ്മിറ്റി കുടുംബശ്രീ യൂണിറ്റുകൾക്കു നേരെ ഉയർത്തുന്നത്. എൽഐസി, ഭാരത സർക്കാരിന്റെ പോസ്റ്റൽ ഡിവിഷൻ ഇൻഷ്വറൻസ് സ്കീം തുടങ്ങിയ പല അംഗീകൃത സ് കീമുകളിലും അംഗമായിട്ടുള്ളവരും നിർബന്ധമായും ഈ ഇൻഷ്വറൻസ് സ്കീമിൽ അംഗമാകണമെന്നും സിഡിഎസ് കമ്മിറ്റി നിർബന്ധം പിടിക്കുന്നത് വ്യാപകമായ എതിർപ്പിന് കാരണമായിട്ടുണ്ട്.
സ്വകാര്യ ഇൻഷ്വറൻസ് കമ്പനി സിഡിഎസ് കമ്മിറ്റിക്ക് നിശ്ചിത ശതമാനം തുക കമ്മീഷനായി നൽകുന്നത് കൈക്കലാക്കാനുള്ള വ്യഗ്രതയാണ് എല്ലാ കുടുംബശ്രീ യൂണിറ്റുകളെയും ഇതിൽ അംഗങ്ങൾ ആക്കുവാൻ സിഡിഎസ് നിർബന്ധം പിടിക്കുന്നതിനു പിന്നിലെന്നും ആരോപണമുണ്ട്.