പ്രധാനമന്ത്രിയുടെ സന്ദർശനം : ഇന്നും നാളെയും ഗതാഗത നിയന്ത്രണം
1547285
Thursday, May 1, 2025 7:03 AM IST
വലിയതുറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു. ഇന്നുച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയും നാളെ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയുമാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും നടപ്പിലാക്കിയിട്ടുളളത്.
ഇന്നുച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10.00 വരെ ശംഖുമുഖം -ചാക്ക-പേട്ട-പളളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി-ആശാന് സ്ക്വയര്‍-മ്യൂസിയം-വെള്ളയമ്പലം-കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
നാളെ രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ കവടിയാര്‍-വെള്ളയമ്പലം-ആല്‍ത്തറ-ശ്രീമൂലംക്ലബ്-ഇടപ്പഴഞ്ഞി-പാങ്ങോട് മിലിറ്ററി ക്യാമ്പ്-പളളിമുക്ക് വരെയുളള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് നിരോധനം ഉണ്ടായിരിക്കും.
ഇന്നും നാളെയും ശംഖുമുഖം - വലിയതുറ-പൊന്നറ , കല്ലുംമൂട്-ഈഞ്ചയ്ക്കല്‍-അനന്തപുരി ആശുപത്രി-മിത്രാനന്ദപുരം-എസ്പി ഫോര്‍ട്ട്-ശ്രീകണ്ഠേശ്വരം പാര്‍ക്ക്-തകരപ്പറമ്പ് മേല്‍പ്പാലം-ചൂരക്കാട്ടുപാളയം-തമ്പാനൂര്‍ ഫ്ളൈ ഓവര്‍-തമ്പാനൂര്‍-ഓവര്‍ബ്രിഡ്ജ് , കിഴക്കേക്കോട്ട-മണക്കാട്-കമലേശ്വരം-അമ്പലത്തറ-തിരുവല്ലം-വാഴമുട്ടം-വെളളാര്‍-കോവളം-പയറുംമൂട്-പുളിങ്കുടി, മുല്ലൂര്‍ മുക്കോല വരെയുളള റോഡിലും,
തിരുവല്ലം-കുമരിചന്ത-കല്ലുംമൂട്-ചാക്ക- ഓള്‍സെയിന്റ്സ് കോളജ്-ശംഖുമുഖം റോഡിലും വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളള പ്രധാന റോഡുകളിലും സമീപത്തുളള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് തൊട്ടുമുമ്പ് പ്രധാന റോഡില്‍ വന്നുചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും. വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്ര ക്രമീകരിക്കണം.
ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്മിനലിലേയ്ക്കു പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍, കല്ലുംമൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം.