എൻ. അശോകൻ വിശ്വാസ്യതയും സത്യസന്ധതയും മുഖമുദ്രയാക്കിയ മാധ്യമ പ്രവർത്തകൻ: പിണറായി വിജയൻ
1547287
Thursday, May 1, 2025 7:03 AM IST
തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന എൻ. അശോകന്റെ മുഖമുദ്ര വിശ്വാസ്യതയും സത്യസന്ധതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാധ്യമപ്രവർത്തകനെന്ന നിലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന എൻ. അശോകനെ ആദരിക്കുന്നതിനായി കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി, മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ സംഘടിപ്പിച്ച "അശോകനും മാധ്യമലോകവും’ എന്ന സൗഹൃദക്കൂട്ടായ്മയിൽ മുഖ്യാതിഥിയായി സപ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.
രാജ്യതലസ്ഥാനത്ത് നാലു പതിറ്റാണ്ട് കാലത്തെ മാധ്യമജീവിതമെന്നത് അത്യപൂർവനേട്ടമാണ്. 55 വർഷംനീണ്ട മാധ്യമപ്രവർത്തക ജീവിതത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ മാറ്റിമറിച്ച ധാരാളം സുപ്രധാന സംഭവങ്ങളുടെ കാലത്ത് അശോകൻ ഡൽഹിയിൽ ഉണ്ടായിരുന്നുവെന്നും ഉൗർജ്ജസ്വലതയോടെ ഇന്നും ഈ മേഖലയിൽ തുടരുന്നുവെന്നും അശോകന് കേരള മീഡിയ അക്കാദമിയുടെ ഉപഹാരം സമ്മാനിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു.