പോത്തൻകോട് സുധീഷ് വധക്കേസ്: 11 പ്രതികൾക്കും ജീവപര്യന്തം തടവ്
1547284
Thursday, May 1, 2025 7:03 AM IST
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. നെടുമങ്ങാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ചെന്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിൽ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിലാണ് മുഴുവൻ പ്രതികൾക്കും ജീവപര്യന്തം വിധിച്ചത്. സുധീഷ് ഉണ്ണി, ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ്, നന്ദീഷ്, രഞ്ജിത്, അരുണ്‍, സച്ചിൻ, സൂരജ്, ജിഷ്ണു, പ്രദീപ്, നന്ദു എന്നിവരെയാണു ശിക്ഷിച്ചത്.
2021 ഡിസംബർ 11 നാണു സംഭവം. കൊലപാതകശ്രമത്തിനുള്ള കേസിൽ പെട്ട് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ കല്ലൂരിലെ സജീവിന്റെ വീടിനുള്ളിൽ ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. അക്രമികളെ കണ്ട് രക്ഷപ്പെടാനായി സജീവിന്റെ വീട്ടിൽ ഓടിക്കയറിയപ്പോൾ പിന്തുടർന്നെത്തി കുട്ടികളുടെയും വീട്ടുകാരുടെയും മുന്നിൽവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സുധീഷിന്റെ കാൽ വെട്ടിയെടുത്ത് കല്ലൂർ ജംഗ്ഷനിൽ കൊണ്ടു വന്ന് എറിയുകയും ചെയ്തു. സാക്ഷികൾ പലരും കൂറുമാറിയപ്പോൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം തെളിയിച്ചത്. കോടതിയിലേക്കു വരുന്ന വഴിയിൽ ഉൾപ്പെടെ ഗുണ്ടാസംഘത്തിന്റെ ആളുകൾ സാക്ഷികളെ ഭയപ്പെടുത്തിയിരുന്നു. പത്താം പ്രതി ഒഴികെയുള്ള എല്ലാ പ്രതികളും മറ്റു പല കേസുകളിലും പ്രതികളാണ്.