വഴയില കെപ്കോയിൽ ഓൺലൈൻ ബൂസ്റ്റര്‍ പമ്പ്ഹൗസ് നിർമാണം തുടങ്ങി
1547296
Thursday, May 1, 2025 7:15 AM IST
നെടുമങ്ങാട്: കേരള ജലഅഥോറിറ്റി നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി വഴയില കെപ്കോയില്‍ രണ്ടു കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ഓൺലൈൻ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ നിര്‍മാണം തുടങ്ങി. എല്ലാ ഘട്ടത്തിലും കൃത്യമായ ധാരണയോടെ പ്രവര്‍ത്തനം നടക്കണമെന്നു മന്ത്രി ജി.ആർ. അനില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ആഴ്ച തോറും വിശകലന യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. വഴയിലയില്നിന്നു് കല്ലയം ഉപരിതല ജല സംഭരണിയിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനാണു ബൂസ്റ്റര്‍ പമ്പ് സ്ഥാപിക്കുന്നത്. കരകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരത്തിനായി കേരള ജല അഥോറിറ്റി നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.29 കോടി രൂപയുടെ 5 പ്രവൃത്തികളായാണ് ടെൻഡർ ചെയ്തിരുന്നത്.
കല്ലയം ഉപരിതല ജലസംഭരണി (രണ്ടു ലക്ഷം ലിറ്റർ) - 1.4 കോടി, മൈലാടുംപാറയിൽ ഉപരിതല ജലസംഭരണി (1 ലക്ഷം ലിറ്റർ) - 77 ലക്ഷം, വഴയില കെപ്കോയിൽ ഓൺലൈൻ ബൂസ്റ്റർ പമ്പ് ഹൗസിന്റെ നിർമാണം-രണ്ടുകോടി, കെപ്കോ പമ്പ് ഹൗസ് മുതൽ കല്ലയം ജലസംഭരണി വരെയുള്ള പമ്പിംഗ് ലൈൻസ്ഥാപിക്കൽ - 2.67 കോടി, കല്ലയം മുതൽ തണ്ണീർപൊയ്ക വരെയുള്ള ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കൽ- 3.11 കോടി എന്നിങ്ങനെയാണ് തുക ചെല വഴിക്കുക. ഇതിൽ പഞ്ചായത്തിലെ കല്ലയം, മൈലാടുംപാറ എന്നീ സ്ഥലങ്ങളിലെ ജലസംഭരണികളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
പൈപ്പ് ലൈനിന്റെ മറ്റനുബന്ധ പ്രവര്‍ത്തനങ്ങളും ഉടൻ തുടങ്ങും. പൂർത്തീകരിച്ചാൽ എം.സി. റോഡിൽ മണ്ണന്തല മുതൽ വട്ടപ്പാറ വരെയുള്ള ഭാഗങ്ങളിൽ 24 മണിക്കൂറും കുടിവെള്ള വിതരണം നടത്താൻ കഴിയും. ചടങ്ങില്‍ കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, മെമ്പര്‍ വി. രാജീവ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.