ബ്രഡിൽ ഒളിപ്പിച്ചു എംഡിഎംഎ കടത്തിയ കേസ്: പ്രതികൾ പിടിയിൽ
1546884
Wednesday, April 30, 2025 6:59 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ ബ്രഡിൽ ഒളിപ്പിച്ച നിലയിൽ 200 ഗ്രാം എംഡിഎംഎയുമായി കൊലക്കേസ് പ്രതി ഉൾപ്പെടെ പിടിയിലായ സംഭവത്തിലെ പ്രധാന പ്രതിയും കൂട്ടാളിയും പിടിയിൽ.
പ്രധാന പ്രതി കൊല്ലം മുതുകുളം കുളത്തൂർക്കോണത്ത് നന്ദു ഭവനിൽ നന്ദു വി. നായർ (24) ഇയാളുടെ കൂട്ടാളി കോഴിക്കോട് ചെറുമണ്ണാരം പറമ്പിൽ വീട്ടിൽ ഉസ്മിനാൽ അഫാൻ (23)എന്നിവരാണു മംഗളൂരുവിൽ നിന്നും കാട്ടാക്കട പോലിസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 23 നാണു കാട്ടാക്കട പോലീസ് സ്റ്റേഷനിലെ പത്തോളം കേസുകളിലെ പ്രതിയായ വിഷ്ണുവിന്റെ ആമച്ചലിലുള്ള വീട്ടിൽനിന്നും 200 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്. ഇയാൾക്കൊപ്പം ഇവിടെ ഉണ്ടായിരുന്ന പൂജപ്പുര സ്വദേശിയും നിരവധി കേസിലെ പ്രതിയും കൊലക്കേസിൽ ജാമ്യത്തിൽ കഴിയുന്നയാളുമായ അനൂപുമാണ് അന്ന് പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ബംഗളൂരുവിൽനിന്നാണ് കഞ്ചാവെത്തിക്കുന്നതെന്നും ഇതിന്റെ പ്രധാനികളെകുറിച്ചുള്ള വിവരങ്ങളും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതപെടുത്തുകയും പ്രധാന പ്രതി ഉൾപ്പെടെ രണ്ടുപേരെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.