ലഹരിവിരുദ്ധ സന്ദേശവുമായി ക്രിക്കറ്റ് ടൂര്‍ണമെന്റ്
1547299
Thursday, May 1, 2025 7:15 AM IST
നെയ്യാറ്റിന്‍കര : ലഹരിക്കെതിരെ ബോധവത്കരണസന്ദേശം വിളംബരം ചെയ്ത് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ഫാ. ആന്റണി മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബ്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കളിച്ച ബാലരാമപുരത്തെ പഴയ മൈതാനത്തില്‍ പ്രായത്തെ വെല്ലുന്ന മികവുമായി സുഹൃത്തുക്കള്‍ വിവിധ ടീമുകളെ പ്രതിനിധീകരിച്ചെത്തി. നേരത്തെ അവര്‍ക്കൊപ്പം കളിച്ചിരുന്ന ജോണി എന്ന സ്നേഹിതന്റെ സ്മരണാര്‍ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
പുതിയ കാലത്തു ലഹരി വല്ലാതെ പിടിമുറുക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നോ ഡ്രഗ്സ്, ഒണ്‍ലി സ്പോര്‍ട്സ് എന്ന ആശയം ടൂര്‍ണമെന്റ് മുന്നോട്ടു വയ്ക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ലജന്ററി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയതിനാല്‍ കളിക്കാരില്‍ മധ്യവയസ്കരാണ് നല്ലൊരു ശതമാനവും. അന്‍പതു വയസ് കഴിഞ്ഞ എണ്‍പതോളം പേര് കളിക്കളത്തിലിറങ്ങുന്നുണ്ട്. ജേതാക്കള്‍ക്ക് ജോണി മെമ്മോറിയല്‍ ട്രോഫി നല്‍കും.
മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രംഗനാഥന്, മുന്‍ രഞ്ജി താരം സതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പഴയ ക്രിക്കറ്റ് താരം കൂടിയായ അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ, ഇടവക വികാരി, പഞ്ചായത്ത് അംഗങ്ങള്‍ മുതലായവരും ടൂര്‍ണമെന്റിന്റെ ഭാഗമായി.