കൈവരികളില്ലാത്ത മരുതൂര്‍ തോട് നാട്ടുകാർക്കു പേടിസ്വപ്നമാകുന്നു
1547292
Thursday, May 1, 2025 7:15 AM IST
മഴ ആരംഭിച്ചതോടെ പ്രദേശവാസികൾക്ക് ആശങ്ക
പേരൂര്‍ക്കട: മഴ ഏതുനിമിഷവും ശക്തമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കൈവരികളില്ലാത്ത മരുതൂര്‍ തോട് പേടിസ്വപ്നമാകുന്നു. കഴിഞ്ഞവര്‍ഷം നവംബറിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തോട്ടിലേക്ക് വീഴുകയും സവാരിക്കാരനായ കല്ലയം പ്ലാവിള സ്വദേശി വിജയന് (54) മരിക്കുകയും ചെയ്തിരുന്നു. ഓട്ടോഡ്രൈവര്‍ സുരേഷ് തോട്ടില്‍ വീണുവെങ്കിലും ഒരു മരച്ചില്ലയാണ് ഇദ്ദേഹത്തിന്റെ ജീവന് രക്ഷിച്ചത്.
കല്ലയം ഇടമണ്‍ ഭാഗത്തുകൂടി ഒഴുകുന്ന മുതൂര്‍ തോട് പൗഡിക്കോണം, പോത്തന്‍കോട് ഭാഗത്തുകൂടി കടന്നുപോകുന്നതാണ്. അപകടം നടന്ന സ്ഥലത്തുനിന്നും ഏതാനും മീറ്ററുകള്‍ക്കു മുമ്പാണ് രണ്ടുതോടുകള്‍ സന്ധിച്ചശേഷം മരുതൂര്തോടായി ഒഴുകുന്നത്. തോടിന്റെ ഒന്നരകിലോമീറ്ററോളം ഭാഗമാണ് അത്യന്തം അപകടാവസ്ഥയിലുള്ളത്. ഇവിടെ കൈവരികള്‍ നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അപകടമുണ്ടായി അഞ്ചുമാസം പിന്നിട്ടിട്ടും നടപ്പാക്കപ്പെട്ടിട്ടില്ല.
കോണ്‍ക്രീറ്റ് ചെയ്ത റോഡാണ് ഈ ഭാഗത്തുള്ളത്. ശക്തമായ മഴ പെയ്തുകഴിഞ്ഞാല്‍ തോടും റോഡും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴും. തോടിന്റെ കരയില്‍ കാട്ടുചെടികള്‍ വളര്ന്നുനില്ക്കുന്നതും പ്രശ്നം സൃഷ്ടിക്കുന്നു. മരുതൂര്‍ ചന്ത പിന്നിട്ടുകഴിഞ്ഞാല്‍ തോടിന് കഷ്ടിച്ച് ഒന്നരയാള്‍ വീതി മാത്രമാണ് ഉള്ളത്.
തോട്ടിലെ കരിങ്കല്‍ക്കെട്ടും തകര്‍ച്ചയുടെ വക്കിലാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. ഏകദേശം രണ്ടുമൂന്നു മണിക്കൂര്‍ ശക്തമായ മഴപെയ്തു കഴിഞ്ഞാല്‍ തോട്ടില്‍ റോഡിനോളം പൊക്കത്തില്‍ വെള്ളം പൊങ്ങും. ഈ വെള്ളം ഇടറോഡുകളിലേക്ക് ഒഴുകുകയും ചെയ്യും. ഈയൊരവസരത്തില്‍ സ്ഥലപരിചയമുള്ള പരിസരവാസികള്‍ക്കുപോലും റോഡിലൂടെ അപകടമുണ്ടാകാതെ സഞ്ചരിക്കുക പ്രയാസമാണ്. മഴ ശമിച്ചുകഴിഞ്ഞാലും കുറഞ്ഞതു മൂന്നു മണിക്കൂര്‍ വേണം വെള്ളം റോഡില്‍നിന്ന് ഇറങ്ങാന്‍.
സ്ഥലപരിചയം ഇല്ലാത്തവരാണ് റോഡിലൂടെ സഞ്ചരിക്കുന്നതെങ്കില്‍ പെട്ടുപോകുമെന്ന് ഉറപ്പാണെന്നു പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്കു മുന്നില്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും മരുതൂര്‍ തോടിനെ സുരക്ഷിതമാക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
തിരുവനന്തപുരം നഗരസഭയുടെയും കരകുളം പഞ്ചായത്തിന്റെ അതിര്‍ത്തിപ്രദേശത്തുള്ള തോടായതുകൊണ്ടാണ് അധികൃതര്‍ ജനങ്ങളുടെ ആവശ്യം നിരാകരിക്കുന്നതെന്നാണ് ഇവരുടെ പരാതി. ഇപ്പോഴും മരുതൂര്തോട്ടിലുണ്ടായ അപകടം ജനളുടെ മനസില്‍ ഒരു ഭീതിയായി നിലനില്‍ക്കുന്നതിനാല്‍ വരുന്ന മഴക്കാലവും ഇവരുടെ പേടിസ്വപ്നമാകും.