നാട്ടിൻപുറങ്ങളിൽ വ്യാജ വെളിച്ചെണ്ണ റെഡി
1547298
Thursday, May 1, 2025 7:15 AM IST
കാട്ടാക്കട: നാട്ടിൻ പുറങ്ങളിൽ വ്യാജ വെളിച്ചെണ്ണ വ്യാപകമായി. ചെറുകിട വ്യാപാരികളും ഗ്രാമീണമേഖലയിലുള്ള വ്യാപാരികളും ഉൾപ്പെടെയുള്ളവർ ഇത് വിൽക്കേണ്ടുന്ന അവസ്ഥയാണ്. കിലോയ്ക്ക് 300 വരെ കിട്ടുന്ന വെളിച്ചെണ്ണ വ്യാജനായി എത്തുമ്പോൾ അത് 110നും 120നും കിട്ടും.
ഹോട്ടൽ, തട്ടുകടകൾ എന്നിവിടങ്ങളിൽ വറുക്കാനുപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം കുറയുന്നെന്നും ആക്ഷേപമുണ്ട്. തെങ്ങിനുണ്ടാകുന്ന രോഗബാധയും തേങ്ങായിടാൻ ആളെ കിട്ടാത്തതുംമൂലം വീടുകളിൽ അധികം തേങ്ങലഭിക്കാത്ത സ്ഥിതിയാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു തേങ്ങയുടെ ഉൽപ്പാദനം മൂന്നിലൊന്നായി കുറഞ്ഞെന്നു കർഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമായി പറയുന്ന്. തമിഴ്നാട്ടിൽനിന്നാണു പ്രധാനമായും തേങ്ങ വിപണിയിലെത്തുന്നത്.
ജില്ലയിൽ പലയിടത്തും തമിഴ്നാട്ടിൽനിന്നു ലോഡുകണക്കിനു പച്ചത്തേങ്ങയെത്തുന്നുണ്ട്. ഇവരിൽനിന്നു ചെറുകിട കച്ചവടക്കാർ വാങ്ങിയാണു വിപണിയിലെത്തിക്കുന്നത്. എണ്ണക്കുറവുള്ള തേങ്ങയ്ക്കു രുചിക്കുറവ് സ്വാഭാവികമാണ്.
ഇതുമൂലം കറിയുടെ രുചിയും കുറയുന്നു. അതിനിടെയാണ് വ്യാജ വെളിച്ചെണ്ണ സുലഭമായി കിട്ടുന്നു. പുതിയതും എന്നാൽ പ്രമുഖ കമ്പനികളുടെ അപരനാമത്തിലുള്ള വെളിച്ചെണ്ണകളാണ് കിട്ടുന്നത്. അതാകട്ടെ രോഗം പരത്തുന്നതും. തിരുവനന്തപുരം കേന്ദ്രീകരച്ചുള്ള ഒരു സംഘമാണ് പല പേരുകളിലും വെളിച്ചെണ്ണ നിർമിക്കുന്നതെന്നും സൂചനയുണ്ട്.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേര വെളിച്ചെണ്ണയ്ക്കു പോലും അപരന്മാരുണ്ട്. നേരത്തേ പരിശോധന ശക്തമാക്കുകയും വ്യാജ ഉൽപ്പന്നങ്ങൾക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ റെയിഡ് ഇല്ലാതെയായി. താൻസർ പോലുള്ള മാരക രോഗത്തിനിടവരുത്തിയേക്കാവുന്ന പാംകർണൽ ഓയിലും പാരഫിൻ ഓയിലും അമിത അളവിൽ ചേർത്ത വെളിച്ചെണ്ണയാണ് വിറ്റഴിക്കുന്നത്.
കഴിഞ്ഞ വർഷം സർക്കാർ ലാബുകളിൽ അറുപതോളം കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിപണിയിൽനിന്നു ശേഖരിച്ച സാമ്പിളുകളിൽ പതിനേഴ് ബ്രാൻഡുകളിൽ പാരാഫിന്റെയും പാം കർണൽ ഓയിലിന്റെയും അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. കച്ചവടക്കാർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ വിൽക്കുന്നത് 100 രൂപയ്ക്ക്. അതു വാങ്ങാൻ എത്തുന്നവർക്ക് വിൽക്കുന്നത് 175നും 180നും. ഇത്തരം വിൽപ്പന വ്യാപകമായിട്ടും ഒരു നടപടിയും ബന്ധപ്പെട്ടവർ എടുക്കുന്നില്ല.