രാഷ്ട്രീയ പാർട്ടികളുടെ പിതൃത്വം ഏറ്റെടുക്കൽ വാദത്തിന് കുറവില്ലാതെ വിഴിഞ്ഞം തുറമുഖം
1547282
Thursday, May 1, 2025 7:03 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൻമാരുടെയും മത്സരം. തങ്ങളാണ് കാരണക്കാരെന്ന അവകാശവാദവുമായി നാടെങ്ങും ഫ്ലക്സ് ബോർഡുകൾ നിരത്തിയുള്ള ആഘോഷം തുടരുമ്പോഴും കരയിൽ വികസനത്തിന്റെ കണികപോലും കാണാത്തതിനാൽ ജനത്തിനുമാത്രം ആവേശമില്ല. പ്രധാനമന്ത്രി ഉദ്ഘാടനത്തിനായി എത്തുന്ന തുറമുഖത്തിനുള്ളിൽ ആഘോഷത്തിന്റെ ആരവങ്ങളുണ്ടെങ്കിലും പുറത്ത് അത് കാണാനില്ലതാനും.
ഇടതുപക്ഷവും ബിജെപിയും കമ്മീഷനിംഗ് ഒരാഘോഷമാക്കി മാറ്റാൻ തയാറെടുക്കുമ്പോൾ തുറമുഖം വരാൻ കാരണക്കാരായ കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കൻമാരും വിട്ടുനിൽക്കുമെന്നതും ആഘോഷത്തിന്റെ മാറ്റുകുറയ്ക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന സ്വപ്നമെന്ന് അവകാശപ്പെടുമ്പോഴും പാർട്ടി പരമായ ചേരിതിരിവ് ആദ്യ കപ്പലടുപ്പിച്ചുള്ള ട്രയൽ റണ്ണിലും പ്രകടമായിരുന്നു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കടലിൽ മാത്രം വികസനം കൊണ്ടു വന്ന ശേഷം നടക്കുന്ന രാജ്യസമർപ്പണ ചടങ്ങിലും പിതൃത്വ അവകാശത്തിന് കുറവില്ല. തുറമുഖത്തിന്റെ വികസനം പൊതുജനം തൊട്ടറിയണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. തുറമുഖ നിർമാണ പ്രവർത്തനം ഇഴഞ്ഞതുപോലെ കരയിലെ നിർമാണ പ്രവർത്തനങ്ങൾഇപ്പോഴും ഒച്ചിഴയും പോലെയാ ണ്. ഇതിനു പരിഹാരം കാണാൻ ആരുമില്ല താനും.
തിരുവിതാംകൂർ ദിവാൻ മുതൽ മുൻ മന്ത്രി എം.വി. രാഘവൻ വരെ സ്വപ്നംകണ്ട വിഴിഞ്ഞത്തിന്റെ വികസന സാധ്യത സഫലമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ്. തൊട്ട് മുൻപ് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പദ്ധതിക്കെന്നപേരിൽ രണ്ടു തവണ ഉദ്ഘാടനം നടത്തിയെങ്കിലും ലക്ഷ്യം കാണാതെ അവസാനിച്ചു.
ഒടുവിൽ നിയമപരമായ രീതിയിൽ ടെൻഡർ ക്ഷ ണിച്ച് , പാരിസ്ഥിതിക അംഗീകാരം ഉൾപ്പെടെയുള്ള കടമ്പകൾ കടന്ന് പൊതുജനങ്ങളുടെ അംഗീകാരത്തോടെ 2015 ഡിസംബർ അഞ്ചിന് ഉമ്മൻചാണ്ടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആരംഭം ആവേശത്തോടെയായിരുന്നെങ്കിലും പിന്നെയെല്ലാം മന്ദഗതിയിലായി. പ്രകൃതിക്ഷോഭങ്ങളും മത്സ്യ ത്തൊഴിലാളികളുടെ അതിജീവന സമരവും നിർമാണത്തെ ബാധിച്ചെങ്കിലും പുലിമുട്ടു നിർമാണത്തിനാവശ്യമായ പാറയുടെ ലഭ്യതക്കുറവ് പ്രവർത്തനത്തെ പിന്നോട്ടടിച്ചു.
കല്ലുകൾ കിട്ടാതെ നിർമാണത്തിന്റെ താളം തെറ്റിയപ്പോഴും സർക്കാർ ഏജൻസികൾ അനങ്ങിയില്ല. ഏറെ വിവാദങ്ങൾക്കുശേഷം അധികൃതർ ഇടപെട്ട് ആവശ്യമായ പാറക്കല്ലുകൾ ലഭ്യമാക്കി പുലിമുട്ടിനു പരിഹാരം കണ്ടപ്പോഴെക്കും വർഷങ്ങൾ പലതു കഴിഞ്ഞു. നിർമാണം തുടങ്ങി പത്തു വർഷത്തോടടുക്കുമ്പോഴും വികസനം കടലിൽ മാത്രം ഒതുങ്ങി.
തുറമുഖം നിർമിച്ചു കപ്പലടുപ്പിക്കാൻ വ്യഗ്രത കാട്ടിയ അധികൃതർ കരയിലൂടെയുള്ള വികസനം മറന്നു. നാളെ തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങു നടക്കുമ്പോഴും തുറമുഖത്തെ ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന റോഡ് പണി തുടരും. കഷ്ടിച്ചു രണ്ടു കിലോമീറ്റർ പോലുമില്ലാത്ത റോഡിന്റെ നിർമാണം തുടങ്ങിയിട്ട് ഒൻപത് വർഷം കഴിഞ്ഞു.
തുറമുഖ അനുബന്ധ വികസനത്തിനായി ഉമ്മാൻ ചാണ്ടി സർക്കാർ വിഴിഞ്ഞം, കോട്ടുകാൽ പഞ്ചായത്തുകളിൽ നിന്നായി ഏക്കർ കണക്കിനു വസ്തുക്കൾ മോഹവിലക്ക് ഏറ്റെടുത്ത് നൽകിയിരുന്നെങ്കിലും ആ ഭൂമിയിൽ നാളിതുവരെ ഒരു നിർമാണ പ്രവൃത്തികളും നടത്തിയിട്ടില്ല. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം തുറമുഖതീരത്തു തർക്കത്തിൽ കിടന്ന ഏകദേശം പന്ത്രണ്ടര ഏക്കറോളം വസ്തുക്കൾ ഏറ്റെടുത്തതു മാത്രമാണ് എടുത്ത് പറയാനുള്ളത്.
വിഴിഞ്ഞത്തെ വികസന കുതിപ്പിൽ എത്തിക്കുമെന്ന് ഇടവിട്ട് മന്ത്രിമാർ പറയുന്ന റിംഗ് റോഡും, കാര്യമായ നടപടികൾ ഒന്നുമാകാത്ത റെയിൽവേയും ലക്ഷ്യം കാണണമെങ്കിൽ ഇനിയും വർഷങ്ങൾ വേണ്ടി വരും. ഇതൊന്നും നടത്താൻ ആർജവമില്ലെങ്കിലും തുറമുഖ നിർമാണത്തിന്റെ മൂന്നു ഘട്ടങ്ങളിൽ ഒന്നാംഘട്ടം മാത്രം പൂർത്തിയായ വേളയിലും അവകാശവാദത്തിനു കുറവില്ല.