വിലക്കയറ്റം തടയാന്‍ നടപടി വേണം: എന്‍ഫ്രീ
1377530
Monday, December 11, 2023 1:27 AM IST
മഞ്ചേരി: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ ജാഗരൂകരാകണമെന്നും സത്വര നടപടികള്‍ സ്വീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും പരിസ്ഥിതി മനുഷ്യാവകാശ സംഘടനയായ എന്‍ഫ്രീ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സമസ്ത മേഖലകളിലും വിലക്കയറ്റം രൂക്ഷമായിരിക്കയാണ്. സപ്ലൈകോ ഔട്ലെറ്റുകളില് രണ്ടാഴ്ച മുമ്പു വരെ കിലോക്ക് 25 രൂപ വിലയുണ്ടായിരുന്ന അരിക്ക് ഇന്നലെ 48 രൂപയാണ് വില. പലവ്യഞ്ജനങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. പലതും ലഭ്യമാകുന്നതേയില്ല.
മന്ത്രിമാരും ഉദ്യോഗസ്ഥരും നവകേരള സദസുകള്‍ക്കു പിന്നില്‍ ചുറ്റിത്തിരിയുമ്പോള്‍ സംസ്ഥാനത്ത് ഭരണം നിശ്ചലമായിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഈ അവസരം മുതലെടുത്ത് കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പുകാരും സജീവമായിരിക്കയാണ്.
നിര്‍മാണ മേഖല സ്തംഭിച്ചതും തൊഴില്‍ മേഖലയിലുണ്ടായ മുരടിപ്പും നിലവിലെ സ്ഥിതി സംജാതമാകാന്‍ ഏറെ കാരണമായിട്ടുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ ചെയര്മാന് സി.ടി. രാജു പറഞ്ഞു. അലവി ചുങ്കത്ത് അധ്യക്ഷത വഹിച്ചു. നാസര്‍ പുല്‍പ്പറ്റ, കെ.സി. റഷീദ്, പി.ടി. വഹാബ്, പി. മീര, സി. ഫസീല ബഷീർ, വി. ഉമാദേവി, എം. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.