ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ആശംസകൾ നേർന്ന് മാർത്തോമ്മ സഭ
1549373
Saturday, May 10, 2025 3:26 AM IST
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ സന്ദേശം ലോകത്തിന് പ്രതീക്ഷ പകരുന്നതാണെന്ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത.
സമാധാനം നമ്മോടു കൂടെ എന്നു പറഞ്ഞ് ആരംഭിച്ച സന്ദേശം ഈ കാലഘട്ടത്തിന് ഏറെ അനുയോജ്യവും ലോകം കേള്പ്പാന് കാതോര്‍ത്ത വാക്കുകളുമാണ്. രാജ്യാന്തര യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങളും കൊണ്ട് അസ്വസ്ഥമായ ലോകക്രമത്തില്‍ സമാധാനത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യമുണ്ട്.
പാവങ്ങളുടെ മെത്രാനെന്നു വിളിപ്പേരും, ദരിദ്രര്‍ക്കായുള്ള സഭ എന്ന ദര്‍ശനവും പുതിയ മാര്‍പാപ്പയിലൂടെ സഭയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് ലോകത്തിന് പകരുന്നത്.
ആത്മീയ ആചാര്യനെന്ന നിലയിലും രാഷ്ട്രത്തലവനെന്ന നിലയിലും മനുഷ്യത്വപരവും നീതിപൂര്‍വവുമായ തീരുമാനങ്ങളിലൂടെ മൂല്യങ്ങളെ കൈവിടാതെ, വിശ്വാസത്തിന്റെ പാതയില്‍ സഭയെ നയിക്കുവാനും സമൂഹത്തിന് തിരുത്തല്‍ ശക്തിയാകുവാനും പുതിയ മാര്‍പാപ്പയ്ക്ക് ഇടയാകട്ടെയെന്ന് ഡോ,തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ആശംസിച്ചു.
കാലതാമസം കൂടാതെ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തതില്‍ കത്തോലിക്കാ സഭാ കര്‍ദ്ദിനാള്‍ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.