മൂന്നാർ പഞ്ചായത്തിൽ മണിമൊഴി പ്രസിഡന്റ്
1549559
Tuesday, May 13, 2025 5:35 PM IST
മൂന്നാർ: അണിയറ രാഷ്ട്രീയ നീക്കങ്ങളും നാടകീയ സംഭവങ്ങളും മൂലം വിവാദങ്ങൾ ഒഴിയാത്ത മൂന്നാർ പഞ്ചായത്തിൽ ഒടുവിൽ കോണ്‍ഗ്രസിലെ മണിമൊഴി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായിരുന്ന ദീപ രാജ്കുമാർ രാജിവച്ചതിനെത്തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ എട്ടിനെതിരേ 11 വോട്ടുകൾക്ക് മണിമൊഴി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ്, ഇടതു മുന്നണികൾ നടത്തിയ ചാക്കിട്ടുപിടുത്തവും കൂറുമാറ്റവും മൂലം ഭരണ നേതൃത്വം മാറി മറിഞ്ഞ പഞ്ചായത്തിൽ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസാണ് ഭരണം പിടിച്ചെടുത്തത്. 21 അംഗ പഞ്ചായത്തിൽ 11 അംഗങ്ങൾ കോണ്‍ഗ്രസിന് ഉണ്ടായിരുന്നപ്പോൾ എൽഡിഎഫിന് പത്തു അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഏതാനും നാളുകൾക്കുള്ളിൽ ഇടതുമുന്നണി നടത്തിയ അണിയറ നീക്കങ്ങളിലൂടെ രണ്ട് അംഗങ്ങൾ കൂറുമാറി ഇടതുപാളയത്തിൽ എത്തി.
ഇതോട ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസിൽനിന്ന് ഇടതുമുന്നണി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് രണ്ടു ഇടതു മുന്നണി അംഗങ്ങൾ കോണ്‍ഗ്രസിലേക്ക് കൂറിമാറിയതോടെ ഭരണം വീണ്ടും കോണ്‍ഗ്രസിന് ലഭിച്ചു.
ഏറെ നാടകീയ സംഭവങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിന്ന പഞ്ചായത്തിൽ പ്രസിഡന്റ് പദം വനിതാ സംവരണമാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ നാലു പ്രസിഡന്റുമാരാണ് പഞ്ചായത്തിന് നേതൃത്വം നൽകിയത്. കൂറുമാറ്റ നിയമംമൂലം മൂന്ന് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയതോടെ 21 അംഗ പഞ്ചായത്തിൽ നിലവിൽ 18 അംഗങ്ങളാണുള്ളത്.