പ്രതിസന്ധികളെ അതിജീവിക്കാൻ കൂട്ടായി പരിശ്രമിക്കണം: ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1549564
Tuesday, May 13, 2025 5:35 PM IST
നെടുങ്കണ്ടം: വർത്തമാനകാലത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കാൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് മാവേലിക്കര രൂപതാ മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കി രൂപത എല്ലാ കാലത്തും മലയോര ജനതയുടെ ശബ്ദമായി മാറിയിട്ടുണ്ട്. അഭിവന്ദ്യ പിതാക്കൻമാരോടൊപ്പം എല്ലാകാലത്തും സമൂഹത്തിന്റെ പ്രതികരണം ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാൻ ഇടുക്കി രൂപത പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഭൂസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഈ മാസംതന്നെ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാർ മാത്യു ആനിക്കുഴിക്കാട്ടിലും മാർ ജോണ്‍ നെല്ലിക്കുന്നേലും കർഷക ജനതയുടെ ആവശ്യങ്ങൾക്കുവേണ്ടിയാണ് ധീരമായ നിലപാടുകൾ എടുത്ത് പ്രവർത്തിക്കുന്നത്. ലഹരിയുടെ വലിയ വ്യാപനം ചെറുപ്പക്കാരിലും കുട്ടികളിലും വർധിച്ചുവരുന്ന കാലമാണിത്.
ഈ സാഹചര്യത്തിൽ രൂപതയുടെ നേതൃത്വത്തിലും ഈ വിപത്തിനെ അതിജീവിക്കാനുള്ള കർമ പദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജഗദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവരും നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ളവരുമായ രൂപതാഗംങ്ങളെ അവാർഡുകൾ നൽകി ആദരിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെയും മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെയും ഛായചിത്രങ്ങൾക്ക് മുന്പിൽ വിശിഷ്ടാതിഥികൾ പുഷ്പാർച്ചന നടത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മാർഗംകളിയും പരിചമുട്ട് കളിയും സമ്മേളനത്തിന്റെ മാറ്റ് കൂട്ടി.
ഇടുക്കി രൂപത സ്ഥാപിതമായതിന്റെ രജത ജൂബിലി വർഷത്തിലാണ് അടുത്ത രൂപത ദിനം എന്ന് മാർ ജോണ്‍ നെല്ലിക്കുന്നേൽ പ്രഖ്യാപിച്ചു. മോണ്‍. ജോസ് കരിവേലിക്കൽ, മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രാഹം പുറയാറ്റ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു. മോണ്‍. ജോസ് നരിതൂക്കിൽ, ആർച്ച് പ്രീസ്റ്റ് ജയിംസ് ശൗര്യംകുഴി, റവ. ഡോ. മാർട്ടിൻ പൊൻപനാൽ, ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ജിൻസ് കാരക്കാട്ട്, സാം സണ്ണി, ഷേർലി ജൂഡി, സെസ്സിൽ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.