വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിന് ഇക്കുറി പുതുചരിത്രം
1549323
Saturday, May 10, 2025 1:07 AM IST
വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇക്കുറി പുതിയ ചരിത്രം കുറിച്ചാണ് എസ്എസ്എൽസി പരീക്ഷാഫലത്തെ വരവേറ്റിട്ടുള്ളത്. സ്കൂൾ ചരിത്രത്തിൽ തന്നെ ഇതാദ്യമായി 441 കുട്ടികൾ പരീക്ഷ എഴുതി മുഴുവൻ പേരും വിജയിച്ച് നൂറ് ശതമാനത്തോടെയാണ് മിന്നും വിജയം നേടിയിട്ടുള്ളതെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭാ റോസ് പറഞ്ഞു.
93 പേർക്ക് ഫുൾ എപ്ലസുമുണ്ട്. കഴിഞ്ഞ വർഷം 364 പേർ പരീക്ഷ എഴുതി ഉപരിപഠന യോഗ്യത നേടിയിരുന്നു. 2023 ൽ നൂറ് മേനി വിജയം കൊയ്യുമ്പോൾ 421 കുട്ടികളാണ് പരീക്ഷ എഴുതിയത്. 98 ഫുൾ എപ്ലസുകാരുമുണ്ടായിരുന്നു.എന്നാൽ ഈ നമ്പറും മറികടന്നാണ് ഇത്തവണ ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടാൻ സ്കൂളിന് കഴിഞ്ഞത്. 2021 ലും ഫുൾ എപ്ലസുക്കാരുടെ എണ്ണത്തിൽ വൻ വർധനവ് സ്കൂളിൽ ഉണ്ടായിരുന്നു. 410 പേർ പരീക്ഷ എഴുതി 249 പേർക്ക് ഫുൾ എപ്ലസ് കിട്ടിയത് ചരിത്രമായിരുന്നു. എന്നാൽ ഒരു കുട്ടി പരീക്ഷ എഴുതാതിരുന്നതിനെ തുടർന്ന് 2021 ൽ 100 ശതമാനം വിജയം കൈവിട്ടു.
2022 ലും സ്കൂളിന് നൂറുമേനിയായിരുന്നു. 400 പേർ പരീക്ഷ എഴുതി മുഴുവൻ പേരും വിജയിച്ചു. 90 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചിരുന്നു. വിദ്യാഭ്യാസ ഉപജില്ലയിൽ തന്നെ എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് എന്ന നേട്ടമുണ്ടാക്കിയ സ്കൂളുകളുടെ പട്ടികയിൽ മുന്നിൽ ഇക്കുറിയും ചെറുപുഷ്പമാകും. ഏറ്റവും കൂടുതൽ കുട്ടികൾ പരീഷ എഴുതി വിജയിച്ച വിദ്യാലയം എന്ന അംഗീകാരഗണത്തിലും ചെറുപുഷ്പം സ്ഥാനം പിടിക്കും. 2020 ലും സ്കൂളിന് നൂറ് മേനിയുണ്ടായിരുന്നു. 2015 ലും അതിനു മുമ്പും ചെറുപുഷ്പം നൂറുമേനിയുടെ തിളക്കം ആഘോഷിച്ചിട്ടുണ്ട്. 2021, 2019, 2018, 2017, 2016 എന്നീ വർഷങ്ങളിൽ ഒരു കുട്ടിയുടെ തോൽവിയിൽ സ്കൂളിന് നൂറ് ശതമാനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.