മലയോരമേഖലയ്ക്ക് അഭിമാനമായി മംഗലംഡാം ലൂർദ്മാത
1549324
Saturday, May 10, 2025 1:07 AM IST
മംഗലംഡാം: മലയോര മേഖലക്ക് അഭിമാനമായി മംഗലംഡാം ലൂർദ് മാതാഹയർ സെക്കൻഡറി സ്കുളിന് ഇക്കുറിയും എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം. പരീക്ഷ എഴുതിയ 225 പേരും ഉപരി പഠനയോഗ്യത നേടി.
21 പേർക്ക് ഫുൾ എ പ്ലസുമുണ്ട്. ഒമ്പത് വിഷയങ്ങളിൽ എപ്ലസ് നേടി സ്കൂളിന്റെ സൽപ്പേര് കൂട്ടാൻ പതിനൊന്ന് പേർ ഒപ്പമുണ്ട്. ഒരു കുട്ടി ഒരു വിഷയത്തിൽ തോറ്റതിനെ തുടർന്ന് സ്കൂളിൻന്റെ നൂറ് മേനിയുടെ ഹാട്രിക് സ്വപ്നത്തിന് 2022 ൽ മങ്ങലേല്പിച്ചിരുന്നു.എന്നാൽ അതിന്റെ ക്ഷീണം തീർത്ത് തുടർന്നുള്ള വർഷങ്ങളിൽ നൂറിൽ നൂറ് ആവർത്തിച്ച് മലയോരത്തെ ഈ അക്ഷരാലയം വർധിത ഉയിരോടെ വലിയ വിജയയാത്ര തുടരുകയാണ്.
തിളക്കമാർന്ന വിജയത്തിനു പിന്നിൽ കൂട്ടായ പ്രവർത്തനഫലമാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോം പറഞ്ഞു. സ്കൂളിന്റെ ആറ് പതിറ്റാണ്ട് കാലത്തെ ചരിത്രം തിരുത്തിക്കുറിച്ച് 2020 ലാണ് ആദ്യമായി നൂറുമേനി കൊയ്തത്.
അതിനു പിന്നാലെ കുറവുകളെ മികവുകളാക്കി 2021 ലും വിജയഗാഥ തീർത്തു. 2019 ൽ 98 ശതമാനമായിരുന്നു വിജയം. 2018 ലും 2015 ലും മൂന്ന് കുട്ടികളുടെ തോൽവിയിലാണ് നൂറുമേനി കൈവിട്ടത്. മലയോര മേഖലയിലെ വളരെ പരിമിതമായ സൗകര്യങ്ങളുള്ള വീടുകളിൽ നിന്നും ആദിവാസി മേഖലയിൽ നിന്നുമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ഇതിനാൽ വിദ്യാർഥികൾക്കൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ പ്രയത്ന ഫലങ്ങളുണ്ട് വിജയങ്ങൾക്കെല്ലാം പിന്നിൽ. മലയോര മേഖലയുടെ അക്ഷരവെളിച്ചമായി ഉയർന്നു നിൽക്കുന്ന സ്കൂൾ വിജയ മികവുകളിൽ തിളങ്ങുമ്പോൾ സ്കൂൾ അധികൃതർക്കൊപ്പം മലയോരമൊന്നാകെ ആഹ്ലാദത്തിലാണ്.