വിസ്മയ ചേട്ടൻ പ്രണവിനും അച്ഛനും അമ്മയ്ക്കുമൊപ്പം
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ തന്നോട് ആരുമൊന്നും ചോദിച്ചിട്ടില്ലെന്നും എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് അച്ഛൻ തങ്ങളെ വളർത്തിയതെന്നും വിസ്മയ മോഹൻലാൽ.
ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ അച്ഛൻ പ്രത്യേകിച്ച് ഉപദേശം ഒന്നും നൽകിയില്ലെന്നും ഇത് നിന്റെ സ്വന്തം യാത്രയാണ്, അനുഭവങ്ങളിലൂടെ സ്വയം പഠിച്ച് മുന്നോട്ട് പോകണമെന്നുമാണ് പറഞ്ഞതെന്നും വിസ്മയ പറയുന്നു. ചേട്ടനോട് താൻ എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുന്നതെന്നും ഈ സിനിമ യാത്രയിലുടനീളം പാറപോലെ തന്റെ കൂടെ നിന്നത് അമ്മയാണെന്നും വിസ്മയ പറഞ്ഞു.
വിസ്മയയുടെ വാക്കുകൾ
എനിക്ക് എപ്പോഴും നാടകങ്ങളോട്, ആ തിയറ്റർ ആർട്ടിനോട് ഭയങ്കര താല്പര്യമായിരുന്നു. പക്ഷേ, സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സ്റ്റേജ് ഫ്രൈറ്റുള്ള ആളാണ്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഈ അഭിമുഖത്തിൽ ഇരിക്കുമ്പോൾ പോലും എനിക്ക് ഉള്ളിൽ വലിയ പേടിയുണ്ട്! പക്ഷേ എന്തോ... ഞാൻ ആ സ്റ്റേജിൽ നിൽക്കുമ്പോഴും അഭിനയിക്കുമ്പോഴും മാത്രമാണ് ശരിക്കും ജീവസ്സുറ്റവളായി എനിക്ക് തോന്നാറുള്ളത്. "വൗ, എനിക്ക് ഇത് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്" എന്ന് അപ്പോൾ ഉള്ളിൽ തോന്നും.
നാടകമാണ് എന്റെ ലോകം എന്ന് എല്ലാവരോടും പറയുമ്പോഴും, ഉള്ളിന്റെയുള്ളിൽ സിനിമയും ഒന്നു ശ്രമിച്ചു നോക്കണം എന്ന വലിയൊരു ആഗ്രഹമുണ്ടായിരുന്നു. അത് പുറത്തു പറയാനുള്ള ഒരു ആത്മവിശ്വാസം എനിക്കില്ലായിരുന്നു എന്ന് മാത്രം. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയോട് ഈ ആഗ്രഹം പറഞ്ഞു. ഒടുവിൽ ജൂഡേട്ടന്റെ (ജൂഡ് ആന്റണി) സിനിമയിലൂടെ ഈ ഒരു അവസരം വന്നപ്പോൾ, ‘ഇത് ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇനിയിപ്പോൾ ഒരിക്കലുമില്ല’ എന്ന ചിന്തയിൽ ധൈര്യം സംഭരിച്ച് മുന്നോട്ട് ഇറങ്ങിത്തിരിക്കുകയായിരുന്നു.
അഭിനയത്തിലേക്ക് വരാൻ ഞാൻ ഇത്രയും വൈകിയത് തന്നെ ഇതിനെ വളരെ ഗൗരവത്തോടെ കണ്ടതുകൊണ്ടാണ്. കാരണം, കാത്തുസൂക്ഷിക്കേണ്ട ഒരു വലിയ പാരമ്പര്യവും പ്രതീക്ഷകളും നമുക്ക് മുന്നിലുണ്ടല്ലോ!
സത്യത്തിൽ ഈ ഒരു നല്ല അവസരം വന്നപ്പോൾ അത് കളയാൻ എനിക്ക് തോന്നിയില്ല. ജൂഡ് ചേട്ടന്റെ കൈവശം ഈ കഥയുണ്ടായിരുന്നു. ‘നീ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ, ഒരു തീരുമാനം പറയൂ’ എന്ന് അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒരുപാട് ചിന്തിച്ച് ആശയക്കുഴപ്പത്തിലായിരുന്നു.
എന്റെ ശരീരപ്രകൃതി, എനിക്ക് മലയാളം തനിമയോടെ സംസാരിക്കാൻ അറിയില്ലെന്ന വസ്തുത... മലയാളം സംസാരിക്കുമെങ്കിലും ഇവിടെ ജനിച്ചു വളർന്നവരുടെ ആ ഒഴുക്കും തനി സ്ലാങ്ങും എനിക്കില്ലല്ലോ! അങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടി. പക്ഷേ ഒടുവിൽ, ‘എന്തായാലും ധൈര്യമായി ഇറങ്ങിത്തിരിക്കുക തന്നെ’ എന്ന് ഞാൻ തീരുമാനിച്ചു.
എന്റെ അമ്മ നൽകിയ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു! ഈ യാത്രയിലുടനീളം അമ്മ കൂടെയുണ്ടായിരുന്നു. എനിക്ക് മനസിലുള്ളതെല്ലാം തുറന്നു പറയാൻ കഴിയുന്നൊരാളാണ് അമ്മ. എനിക്ക് ഇത് ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഈ പ്രക്രിയയിൽ ഉടനീളം എനിക്കൊപ്പം പാറപോലെ ഉറച്ചുനിന്നത് അമ്മയായിരുന്നു.
എന്ത് ഉപദേശത്തിനും ഞാൻ ആദ്യം സമീപിക്കുന്നത് ഏട്ടനെയാണ്. ഞാൻ ഏട്ടനോട് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ടെൻഷനൊന്നും അടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യ്’ എന്നാണ് പറഞ്ഞത്. അച്ഛൻ ആണെങ്കിൽ... ‘ഇത് നിന്റെ സ്വന്തം യാത്രയാണ്, നീ തന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തി മുന്നോട്ട് പോകണം’ എന്നാണ് പറഞ്ഞത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് കാര്യങ്ങൾ കുറച്ചുകൂടി സ്ലോ ഡൗൺ ചെയ്യാൻ അച്ഛൻ എന്നോട് പറഞ്ഞു.
കാരണം പേടിയും ടെൻഷനും കാരണം ഞാൻ കാര്യങ്ങൾ വേഗത്തിൽ ചെയ്തു തീർക്കാൻ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അച്ഛൻ പറഞ്ഞത്. അതല്ലാതെ മറ്റു ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പൊതുവേ ജീവിതത്തിൽ കാര്യങ്ങൾ സ്വയം കണ്ടെത്തി ചെയ്യാനാണ് അച്ഛൻ ഞങ്ങളെ എപ്പോഴും അനുവദിച്ചിട്ടുള്ളത്. നമ്മൾ ആരാണെന്ന് സ്വയം മനസിലാക്കാനുള്ള ആ സ്വാതന്ത്ര്യം അച്ഛൻ തന്നു.
ആദ്യ ദിവസം ഞാൻ സെറ്റിൽ ചെന്നപ്പോൾ എനിക്ക് ഒരു വരി ഡയലോഗ് പോലും ശരിയായി പറയാൻ കഴിഞ്ഞില്ല! ഞങ്ങൾ വീണ്ടും വീണ്ടും അത് ശ്രമിച്ചുകൊണ്ടിരുന്നു. ‘അയ്യോ ഞാൻ എങ്ങനെ ഈ സിനിമ മുഴുവൻ ചെയ്യും’ എന്ന് ഞാൻ ചിന്തിച്ചു.
‘അയ്യോ, നമ്മൾ എന്താണ് ഈ കാണിച്ചു വച്ചത്’ എന്ന് ജൂഡേട്ടനും മനസ്സിൽ വിചാരിച്ചിട്ടുണ്ടാകും! പിന്നെ പുള്ളി പറഞ്ഞു, ‘സ്ക്രിപ്റ്റ് തൽക്കാലം മാറ്റി വയ്ക്ക്, ഞാൻ ഒരു സാഹചര്യം തരാം, അതിനനുസരിച്ച് അഭിനയിക്ക്. താനേ മലയാളം വന്നാൽ മലയാളം പറയൂ, ഇല്ലെങ്കിൽ ഇംഗ്ലിഷ്... അല്ലെങ്കിൽ അർത്ഥമില്ലാത്ത വാക്കുകൾ പറയൂ... പക്ഷേ ആ സാഹചര്യം മനസ്സിലാക്കി അഭിനയിക്കൂ.’ അത് എന്നെ കൂടുതൽ സ്വതന്ത്രയാക്കി.
തുടക്കത്തിലെ ആ വലിയ പേടിയും തടസങ്ങളും മാറാൻ അത് സഹായിച്ചു. ഞാൻ ഇത്രയും കാലം പല മലയാളം വാക്കുകളും തെറ്റായാണ് ഉപയോഗിച്ചിരുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്! ചെറിയ ചെറിയ വ്യത്യാസങ്ങൾ ഞാൻ മനസിലാക്കി. പിന്നെ, ഇവിടെ ജീവിക്കാത്തതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട ഒരു വലിയ സംസ്കാരത്തെ തിരികെ പിടിക്കുന്നത് പോലെ വളരെ മനോഹരമായി തോന്നി ആ ദിവസങ്ങൾ.
അഭിനയിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടായി തോന്നിയത് മലയാളം സംസാരിക്കുന്നത് തന്നെയാണ്. അഭിനയത്തിലും പേടിയുണ്ടായിരുന്നുവെങ്കിലും അത് മറ്റ് കലാരൂപങ്ങളുമായി ബന്ധപ്പെടുത്താൻ എനിക്ക് പറ്റിയിരുന്നു.
കവിത എഴുതുമ്പോൾ വികാരങ്ങൾ നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയാണ്. അഭിനയത്തിൽ വികാരങ്ങളെ ഉള്ളിലേക്ക് ആവാഹിച്ച് ശരീരത്തിലൂടെ പുറത്തു കാണിക്കുന്നു. പക്ഷേ മലയാളം സംസാരം എന്റെ ചിന്തയിൽ നിന്ന് വരുന്ന ഒന്നല്ല, അത് സ്വാഭാവികമായി എനിക്ക് വരുന്ന ഭാഷയല്ലാത്തതുകൊണ്ട് അതിനെ മനസിൽ നിന്ന് ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിക്കുക എന്നതായിരുന്നു എനിക്ക് ഏറ്റവും ബുദ്ധിമുട്ട്. അതുകൊണ്ടാണ് ഞാൻ സ്ക്രിപ്റ്റ് ഒരു മാസം മുമ്പേ വാങ്ങി കാണാപാഠം പഠിച്ചത്. അങ്ങനെ ചെയ്യുമ്പോൾ അഭിനയിക്കുമ്പോൾ ഭാഷയെക്കുറിച്ച് കൂടുതൽ ആലോചിച്ച് പേടിക്കേണ്ടി വരില്ലല്ലോ.
കഥയെക്കുറിച്ച് എത്രത്തോളം പറയാൻ പറ്റുമെന്ന് അറിയില്ല. എങ്കിലും ഒരു കാര്യം ഞാൻ പറയാം, ഇതിൽ എന്റെ അഭിനയം പകുതി മാത്രമേയുള്ളൂ! കാരണം 'മീനു' എന്ന എന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ആദിത്യ ലക്ഷ്മിയാണ്.
എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ തനത് മലയാളം സ്ലാങ് എനിക്ക് ഇനിയും നന്നാവാനുണ്ട്. സിനിമയിൽ എന്റെ കൂട്ടുകാരിയായി അഭിനയിക്കുന്നതും ആദിത്യയാണ്. അച്ഛനും 'മെസ്സി' എന്ന വളർത്തുനായയ്ക്കുമൊപ്പം ജീവിക്കുന്ന ഒരു സാധാരണ പെൺകുട്ടിയാണ് മീനു. സായ് കുമാർ അങ്കിളാണ് അച്ഛനായി അഭിനയിക്കുന്നത്. എന്റെ അച്ഛനും ഉണ്ട് സിനിമയിൽ... പക്ഷേ പടം ഇറങ്ങുന്നതിന് മുമ്പ് റോളിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല. മീനു എന്ന കഥാപാത്രം പ്രചോദനം നൽകുന്ന, ധൈര്യമുള്ള, വളരെ കൂൾ ആയ ഒരു പെൺകുട്ടിയാണ്. അവളെപ്പോലെ ധൈര്യമുള്ളവളാകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് വേണമെങ്കിൽ പറയാം!
എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം എന്നുണ്ട്. ആളുകൾക്ക് പ്രചോദനം നൽകുന്നത് നല്ലതാണ്, എങ്കിലും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ കാണിക്കുന്ന എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് എനിക്ക് താല്പര്യം. ആശിഷ് ആയിരുന്നു കൂടെ അഭിനയിച്ചതിൽ ഒരാൾ. ഞങ്ങൾ രണ്ടുപേരും തുടക്കക്കാരായതുകൊണ്ട് പരസ്പരം പിന്തുണയ്ക്കാൻ അത് സഹായിച്ചു. സായ് കുമാർ അങ്കിളും അച്ഛനും അഭിനയിക്കുന്നത് കാണുന്നത് തന്നെ വലിയൊരു അനുഭവമാണ്. സായ് കുമാർ അങ്കിൾ ഒരുപാട് ഉപദേശങ്ങളും ടിപ്പുകളും തന്നിരുന്നു. സെറ്റിലുള്ള എല്ലാവരും വളരെ ക്ഷമയോടെയാണ് എന്നോട് പെരുമാറിയത്. സമ്മർദ്ദം കൂടുമ്പോൾ തെറ്റുകൾ കൂടുകയേയുള്ളൂ... അതുകൊണ്ട് ആ ചിന്തകളെ മാറ്റിവെച്ച് അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിച്ചു.
Tags : Vismaya Mohanlal cinema thudakkam jude anthony pranav mohanlal