സിനിമയിൽ നിന്നും
ആഗോള റിലീസിന് ഒരുങ്ങി ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ മറാഠി ചിത്രം ‘ഗോന്ധൽ’. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
മറാഠി, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലിഷ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സന്തോഷ് ദവാഖറാണ് ചിത്രത്തിന്റെ സംവിധായകൻ.
മഹാരാഷ്ട്രയിലെ ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രാദേശിക പൈതൃകവും മനുഷ്യബന്ധങ്ങളും ഇടകലരുന്ന ഇരുണ്ട ലോകത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്.
ഒരു നവവധുവിന്റെ ഉള്ളിലൊതുക്കിയ മോഹങ്ങളും ഭർത്താവിന്റെ കുടുംബപരമായ ബാധ്യതകളുമായി തുടങ്ങുന്ന കഥ, പിന്നീട് വിശദീകരിക്കാനാവാത്ത വിചിത്രമായൊരു കുരുക്കിലേക്ക് നീളുന്നതും പിന്നീടുണ്ടാകുന്ന സംഘർഷങ്ങളുമാണ് സിനിമയുടെ പ്രമേയം.
കഴിഞ്ഞ വർഷം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം ഗോന്ധലിന്റെ സംവിധായകൻ സന്തോഷ് ദവാഖർ നേടിയിരുന്നു.
സംവിധായകൻ സന്തോഷ് ദവാഖർ തന്നെയാണ് സിനിമയ്ക്കായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കിഷോർ കദം, ഇഷിത ദേശ്മുഖ്, യോഗേഷ് സൊഹോനി, നിഷാദ് ഭോർ, അഞ്ജു പ്രഭു തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം നവംബർ 13ന് പ്രദർശനത്തിനെത്തും.
Tags : GONDHAL GONDHAL Movie Marathi Trailer Ilaiyaraaja Santosh Davakhar