നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി മാളികപ്പുറം സിനിമയുടെ സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും.
സിനിമയുടെ വിജയം സ്വന്തം അക്കൗണ്ടിൽ എഴുതുകയും, പരാജയത്തിന്റെ ഭാരം സംവിധായകന്റെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന രീതിയാണ് ഉണ്ണിക്കെന്നുംഅത് അംഗീകരിക്കാനാവില്ലെന്നും ഇവർ ആരോപിച്ചു.
ഒരു സിനിമയുടെ വിജയത്തിനായി രാപ്പകൽ അധ്വാനിച്ച അണിയറപ്രവർത്തകരുടെ കരിയർ തകർക്കാൻ ഉണ്ണി മുകുന്ദൻ നടത്തുന്ന നീക്കങ്ങൾ ഒട്ടും ശരിയല്ലെന്ന് ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
‘‘സിനിമയുടെ പ്രമോഷന് വേണ്ടി ഞങ്ങൾ പലപ്പോഴും പിആർ ടീമുകളെ സമീപിക്കാറുണ്ട്. അവർ ചോദിക്കുന്ന പൈസ കൊടുത്തിട്ടാണ് ഞങ്ങൾ സിനിമയുടെ കാർഡുകൾ പോലും സോഷ്യൽ മീഡിയയിൽ ഇടുന്നത്.
അതേ പിആർ ടീമുകൾ കഴിഞ്ഞ രണ്ടു ദിവസമായി ഞങ്ങളെ തകർക്കാൻ എടുക്കുന്ന നല്ല ജോലി ഞങ്ങൾ കാണുന്നുണ്ട്.
അതിൽ ഏറ്റവും ഒടുവിൽ കണ്ട വാർത്ത, മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്നാണ്. സത്യം പറഞ്ഞാൽ ഇത് കണ്ട് ഷോക്ക് ആയി ഇരിക്കുകയാണ് ഞാൻ.
ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളെല്ലാം അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും പരാജയപ്പെട്ടവയ്ക്ക് വേറെ സംവിധായകരുണ്ടാവുകയും ചെയ്യുന്ന ഈ ട്രെൻഡ് എന്താണെന്ന് എനിക്കറിയില്ല.
ഇന്ന് ഉണ്ണി ഇട്ടിരിക്കുന്ന ഒരു വാട്സാപ്പ് സ്റ്റാറ്റസ് ഞാൻ കണ്ടു ‘സത്യം ഒരു ദിവസം പുറത്തുവരും’ എന്ന്. ഇന്നലെ മുതൽ ഉണ്ണിയെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളെല്ലാം പിആർ വർക്കിന്റെ ഭാഗമാണ്.
അവിടെയൊക്കെ ആലോചിച്ചു നോക്കണം, ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഇവിടെ ഇല്ലാതാക്കുന്നത്. വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകുന്ദനാണ് സിനിമ ചെയ്തതെന്നും പറഞ്ഞ് വലിയ പിആർ വർക്ക് നടക്കുകയാണ്.
നിങ്ങളുടെ കൈയിൽ സോഷ്യൽ മീഡിയ ഉണ്ടല്ലോ, അതിൽ കയറി നോക്കിയാൽ ഈ കാര്യങ്ങൾ കാണാൻ പറ്റും. എനിക്ക് ആ പിആർ ടീമുകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാശ് വാങ്ങിക്കുകയാണെങ്കിൽ പണിയെടുക്ക്, പക്ഷേ ഒരേ കണ്ടന്റ് കോപ്പി പേസ്റ്റ് ചെയ്യുന്നത് ഭയങ്കര മോശമാണ്.
നിങ്ങൾ കാശ് വാങ്ങിക്കുന്നതിനോട് കാണിക്കുന്ന അനാദരവാണത്. ഒരേ കണ്ടന്റ് തന്നെ കോപ്പി പേസ്റ്റ് ചെയ്ത് പലയിടത്തും ഇടുകയാണ് ഇവർ ചെയ്യുന്നത്.
ഉണ്ണി മുകുന്ദന് സുമതി വളവിലെ റോള് എന്തെന്നു ഞാൻ പറയാം. ഈ സിനിമയുടെ ഷൂട്ടിനു മുന്നേ മുരളിച്ചേട്ടൻ എന്നെ വിളിച്ചു, എടാ ചെറിയൊരു പ്രശ്നമുണ്ട്. എന്നെ ഉണ്ണി വിളിച്ചു,നിങ്ങൾ ഈ സിനിമ ചെയ്യരുത്, അവന് സംവിധാനം അറിയില്ലെന്നു പറഞ്ഞു.
ചേട്ടാ, അങ്ങനെ പറയരുത്, ഉണ്ണി മാത്രമല്ലല്ലോ, ‘മാളികപ്പുറത്തി’ൽ അഭിനയിച്ച വേറെ എത്രയോ പേരെ വേണമെങ്കിലും വിളിച്ചു ചോദിച്ചുകൊള്ളാൻ ഞാൻ മറുപടിയായി പറഞ്ഞു. അതിൽ വർക്ക് ചെയ്ത ഒന്നു രണ്ടു പേരെ അവിടെ വച്ച് തന്നെ വിളിച്ചു. അസൂയയുടെ പേരിൽ ചിലപ്പോൾ പറഞ്ഞതാകുമെന്ന് ചേട്ടൻ തന്നെ പറഞ്ഞു.
ഈ പ്രശ്നം നടക്കുന്നതിനിടെ ഉണ്ണി, മുരളിച്ചേട്ടനെ വിളിച്ചെന്നും അടുത്ത സിനിമയ്ക്ക് ഡേറ്റ് കൊടുത്തെന്നും അറിയാൻ കഴിഞ്ഞു.
അത് നല്ലൊരു കാര്യം. പക്ഷേ അങ്ങനെയാണെങ്കിൽ ‘മാളികപ്പുറ’ത്തിന്റെയും ‘മാർക്കോ’യുടെയും ഇടയിൽ ഇറങ്ങിയ സിനിമകളുണ്ട്, അതിൽ നഷ്ടം വന്ന സിനിമകളുണ്ട്, അതിന്റെയും നിർമാതാക്കൾ ഇവിടെയുണ്ട്. അവരുടെയും വീട്ടിൽ ചെല്ലണം ഉണ്ണി, അവർക്കും ഡേറ്റ് കൊടുക്കണം.
മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇടയിൽ വന്ന് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. അത് റിയാലിറ്റിയിൽ ഉണ്ടെന്ന് ഇപ്പോൾ ബോധ്യമായി.
വിഷ്ണുവിന്റെ ഒരു തമിഴ് സിനിമ ഓൺ ആയിരുന്നു, അതിന്റെ പൂജയും കഴിഞ്ഞതാണ്. ഈ വാര്ത്ത വന്ന് രണ്ടാം ദിവസം ഈ സിനിമയുടെ നിർമാതാവിന് മുരളിച്ചേട്ടൻ മേസേജ് അയച്ചു.
ഈ സംവിധായകന്റെ സിനിമ ചെയ്യരുത്. ഇയാൾക്ക് സിനിമ ചെയ്യാനറിയില്ല. ഇനിയും അറിയണമെങ്കിൽ ഇയാൾ ആദ്യം ചെയ്ത സിനിമയുടെ നിർമാതാവിനോ നായകനെയോ വിളിക്കണം. നിങ്ങൾ ഒന്ന് ആലോചിക്കണം, ആ കരയുന്ന വിഡിയോ രണ്ട് ദിവസം മുമ്പ് വരുന്നു. രക്ഷകരെപ്പോലെ കഴിഞ്ഞ ദിവസങ്ങളിൽ ഇവരൊക്കെ അദ്ദേഹത്തെ വിളിച്ചെന്നു പറയുന്നു. ഇതിൽ കൃത്യമായ പ്ലാനിംഗ് ഞങ്ങൾക്ക് വ്യക്തമാണ്.
ഈ സംവിധായകനെ വച്ച് സിനിമ ചെയ്യരുത്, ഇയാൾക്ക് പണിയറിയില്ല, എന്റെ പൈസ പോയി എന്നൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയ അറ്റാക്ക് അഴിച്ചുവിടുകയാണ്. കാശ് കൊടുക്കാതെ ഒരു പിആർ ഇവിടെ പണിയെടുക്കില്ല എന്ന് കൃത്യമായി അറിയാം.
എന്റെ മുന്നിലിരിക്കുന്ന മീഡിയ സുഹൃത്തുക്കൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ആർക്കൊക്കെയാണ് ഞങ്ങളെ മോശക്കാരാക്കാൻ കാശ് ഓഫർ വന്നതെന്ന്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ഈ ഹേറ്റ് ക്യാമ്പയിന്റെ തെളിവുകൾ ഞങ്ങളുടെ കൈയിലുണ്ട്.
വിഷ്ണു ഇരുന്നല്ല ‘മാളികപ്പുറ’ത്തിന്റെ മിക്സിംഗ് ചെയ്തതെന്ന് വരുത്തിത്തീർക്കാൻ പിആർ വർക്ക് നടക്കുന്നു. സത്യത്തിൽ ഫൈറ്റ് സീക്വൻസ് ചെയ്യാൻ വേണ്ടി മാത്രമാണ് ഉണ്ണി വന്നതെന്ന് മിക്സിംഗ് എൻജീനീയർ തന്നെ ഇപ്പോൾ സാക്ഷ്യപ്പെടുത്തി.
ഉണ്ണി മുകുന്ദൻ, വേണു കുന്നപ്പിള്ളി, മുരളി കുന്നുംപുറം ഈ കോമ്പിനേഷൻ നല്ലതാണ്, ഇവർ ഒന്നിച്ചൊരു സിനിമ വരട്ടെ, അത് സൂപ്പര്ഹിറ്റ് ആകും.
കാരണം അവരുണ്ടാക്കുന്ന പിആർ പ്ലാനിംഗ് അത്രയും വ്യക്തമാണ്. സുഹൃത്താണെന്ന് കരുതിയ ഉണ്ണിയുടെ വാട്സാപ്പ് സ്റ്റാറ്റസ് പോലും ഈ പിആർ നാടകത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുമ്പോൾ സങ്കടമുണ്ട്. പക്ഷേ, ഇതിന്റെ പിന്നിലെ മാസ്റ്റർ പ്ലാനിങ് ഉടൻ പുറത്തുവരും. ’’– അഭിലാഷ് പിള്ള പറഞ്ഞു.
Tags : Abhilash Pillai unni mukundan