കെ. ഭാഗ്യരാജ്
അപ്രതീക്ഷിതമായിരുന്നു ആ വിയോഗം... തമിഴകത്തിന്റെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച, വലിയ ആക്ഷൻ രംഗങ്ങളോ അമാനുഷിക പരിവേഷങ്ങളോ ഇല്ലാതെ, കണ്ണട ധരിച്ച സാധാരണക്കാരനായ ഒരു നായകൻ, കെ. ഭാഗ്യരാജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തെ ദൃശ്യഭാഷയുടെ ഹരിശ്രീ എഴുതിച്ച ഗുരുനാഥൻ ഭാരതിരാജയുടെ മരണത്തിനു തൊട്ടുപിന്നാലെ സംഭവിച്ച വിടപറയൽ, അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്നതായി. ഇന്നത്തെ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തെ നാട്ടുന്പുറത്തു ജനിച്ചുവളർന്ന കൃഷ്ണസാമി ഭാഗ്യരാജ് എന്ന യുവാവ് കോടന്പാക്കത്തെത്തുന്നത് സാധാരണക്കാരുടെ കഥകളുമായാണ്.
സംവിധായകനായും തിരക്കഥാകൃത്തായും നടനായും നിർമാതാവായും ജനസേവകനായും അരനൂറ്റാണ്ടിലേറെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം കഠിനാദ്ധ്വാനത്തിന്റെയും വിജയങ്ങളുടെയും വീഴ്ചകളുടെയും നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും മഹായാനമാണ്. ചലച്ചിത്രവിജ്ഞാനകോശമാണ് അദ്ദേഹമെന്ന് ശിഷ്യന്മാർ പറയാറുണ്ട്. അദ്ദേഹത്തിനു വശമില്ലാത്ത സിനിമയിലെ ഒരു മേഖലയും ഉണ്ടായിരുന്നില്ല. ആ സന്പത്താണ് ഭാഗ്യരാജിനെ ഹിറ്റുകളുടെ ചക്രവർത്തിയാക്കി മാറ്റിയത്.

കുടുംബപ്രേക്ഷകരുടെ നായകൻ
തമിഴ് സിനിമയുടെ ചരിത്രത്തെ ഭാഗ്യരാജിന് മുൻപും പിൻപും എന്നു വേണമെങ്കിൽ തരംതിരിക്കാം. കാരണം, അതുവരെ സ്ക്രീനിൽ തെളിഞ്ഞിരുന്ന നായക സങ്കൽപ്പങ്ങളെയും കഥപറച്ചിൽ രീതികളെയും അദ്ദേഹം തിരുത്തിക്കുറിച്ചു. ആക്ഷൻ ഹീറോകൾക്കും അതിഭാവുകത്വമുള്ള ഡയലോഗുകൾക്കും പ്രാധാന്യമുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ്, ഒരു ശരാശരി തമിഴന്റെ രൂപവും ഭാവവുമായി ഭാഗ്യരാജ് സിനിമയിലേക്കെത്തുന്നത്.
എൺപതുകളിലെ തരുണനായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിക്കുകയായിരുന്നു ഭാഗ്യരാജ്.
അതത്ര നിസാരകാര്യമായിരുന്നില്ല. ആഘോഷങ്ങളുടെയും കെട്ടുകാഴ്ചകളുടെയും മാസ് ഡയലോഗുകളുടെയും സംഘട്ടനങ്ങളുടെയും നായകകാലമായിരുന്നു അത്. എന്നാൽ, സ്തുതിപാഠകരില്ലാത്ത, അമാനുഷിക കൽപ്പനകളില്ലാത്ത, നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായി, കുടുംബ നായകനായി അദ്ദേഹം മാറി. ദൈനംദിന ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങളും സങ്കീർണമായ കുടുംബബന്ധങ്ങളും ഹാസ്യത്തിന്റെ അകമ്പടിയോടെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. സാമൂഹ്യതിന്മകളെ നർമത്തിൽ ചാലിച്ച് വിമർശിക്കാനും അദ്ദേഹം മടികാണിച്ചില്ല. കാമുകൻ, സഹോദരൻ, മകൻ, ചേട്ടൻ, അനിയൻ, ഭർത്താവ്, മരുമകൻ, കുടുംബനാഥൻ തുടങ്ങി ദ്രാവിഡ മക്കളുടെ റോൾ മോഡൽ ആയി ഭാഗ്യരാജ് മാറി.
ഭാരതിരാജ എന്ന ഗുരു
പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായാണ് ഭാഗ്യരാജ് ചലച്ചിത്ര ജീവിതം തുടങ്ങുന്നത്. പതിനാറു വയതിനിലേ, കിഴക്കേ പോകും റെയിൽ തുടങ്ങിയ ചിത്രങ്ങളിൽ ഭാരതിരാജയോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. പുതിയ വാർപുഗൾ - എന്ന ചിത്രത്തിലൂടെ ഭാഗ്യരാജിനെ നായകനായും ഭാരതിരാജ അവതരിപ്പിച്ചു. 1979-ൽ പുറത്തിറങ്ങിയ സുവരില്ലാത ചിത്തിരങ്ങൾ - എന്ന സിനിമയിലൂടെയാണ് കെ. ഭാഗ്യരാജ് സ്വതന്ത്ര സംവിധായകനാകുന്നത്. നഗര-ഗ്രാമ പശ്ചാത്തലങ്ങളിൽ സാധാരണ മനുഷ്യരുടെ കഥകളും അവർക്കിടയിലെ തമാശകളും പ്രണയവും കുടുംബബന്ധങ്ങളും വളരെ ലളിതമായി സ്ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

തിരക്കഥകളുടെ രാജാവ്
"തിരക്കഥാ ചക്രവർത്തി' എന്നൊരു സ്ഥാനവും ഭാഗ്യരാജിനുണ്ട്. അദ്ദേഹത്തിന്റെ ഓരോ സിനിമയും മികച്ച തിരക്കഥകളുടെയും സംഭാഷണങ്ങളുടെയും പാഠപുസ്തകങ്ങളാണ്. അക്കാലത്ത്, ആരും ആലോചിക്കാൻ പോലും ധൈര്യപ്പെടാത്ത കഥാഗതിയും മേക്കിംഗും അദ്ദേഹം പരീക്ഷിച്ചു. പിന്നീട്, അതെല്ലാം കോളിവുഡിന്റെ വിജയ ഫോർമുലയായി മാറുകയും ചെയ്തു. മുന്താണൈ മുടിച്ച്, അന്ത ഏഴ് നാട്കൾ, ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്, ചിന്ന വീട്, എങ്ക ചിന്ന രാസ തുടങ്ങി അദ്ദേഹം ഒരുക്കിയ ചിത്രങ്ങൾ തമിഴ്നാട്ടിൽ മാത്രമല്ല, മറ്റ് ഭാഷകളിലും വലിയ വിജയങ്ങൾ നേടി. പ്രശസ്ത നടിമാരായ ഉർവശി (മുന്താണൈ മുടിച്ച്-1983), കൽപ്പന തുടങ്ങിയ പല പ്രതിഭകളെയും സിനിമയ്ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്.

മലയാള സിനിമയും ഭാഗ്യരാജും
അഭിനേതാവ് എന്ന നിലയിലും ഭാഗ്യരാജ് മലയാളികൾക്ക് സുപരിചിതനാണ്. ദിലീപ് നായകനായി എത്തിയ മിസ്റ്റർ മരുമകൻ (2012) എന്ന ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്ത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ആദ്യ മലയാളചിത്രമായിരുന്നു മിസ്റ്റർ മരുമകൻ. ഭാഗ്യരാജ് തമിഴിൽ ചെയ്ത ഹിറ്റ് ചിത്രങ്ങൾ കേരളത്തിലെ തിയറ്ററുകളിലും നിറഞ്ഞസദസിൽ പ്രദർശിപ്പിച്ചിരുന്നു. ഹാസ്യവും കുടുംബബന്ധങ്ങളും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ മേക്കിംഗ് ശൈലി മലയാള സിനിമയിലെ പല ജനപ്രിയ ചിത്രങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഭാഗ്യരാജിന്റെ ഭാര്യ പൂർണിമ ജയറാം മലയാളിയാണ്. എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങിനിന്ന താരം, ഭാഗ്യരാജ് സംവിധാനം ചെയ്ത ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്' എന്ന ചിത്രത്തിൽ നായികയായിരുന്നു. ഈ സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്.

അവസാന നാളുകളിലും സജീവമായിരുന്ന ഭാഗ്യരാജ് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ധനുഷ് നായകനായ കുബേര - എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപ്രതീക്ഷിത വിയോഗം.
Tags : K Bhagyaraj Tamil Movie Kollywood Poornima Bhagyaraj Tamil Director Mundhaanai Mudichu Andha 7 Naatkal Darling Darling Darling Mouna Geethangal Film news