തന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങി കൂട്ടിക്കൽ ജയചന്ദ്രൻ. താൻ കണ്ടതും അനുഭവിച്ചതുമായ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകവും തുടർന്ന് അതിനെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചലച്ചിത്രവുമാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഞാൻ കണ്ടതും, അനുഭവിച്ചതുമായ എല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകവും, തുടർന്ന് ഒരു ചലച്ചിത്രവും ഞങ്ങൾ ഒരുക്കുകയാണ്! ആദ്യം പുസ്തകം. തുടർന്ന് അതിനെ ആസ്പദമാക്കി സിനിമ. അത് ഒരുക്കുന്നത് നിങ്ങൾ കണ്ട പ്രഗത്ഭനായ ഒരു സംവിധായകനായിരിക്കും! പ്രധാന വേഷത്തിനായി ചമയമിടുന്നത് എതിരില്ലാത്ത ഒരു മഹാനടനായിരിക്കും! അതിലേക്കുള്ള ആദ്യ ചർച്ച കഴിഞ്ഞു!
ഇനിയാണ് പ്രധാന കാര്യം; ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരു കലാകാരന്റെ മോഹം എനിക്കറിയാം! അതുകൊണ്ട് തന്നെ അതിപ്രധാന കഥാപാത്രങ്ങളെ നിങ്ങളെ ഏൽപ്പിക്കാനാണ് തീരുമാനം!
ഞങ്ങളുടെ കൂട്ടം അതിനായി നിങ്ങളെ പൊതു മാധ്യമങ്ങളിലൂടെ ഉടൻ സമീപിക്കും. കുറഞ്ഞത് ഒരുവർഷം എടുത്തേ നടീനടന്മാരെ തിരഞ്ഞെടുക്കൂ! ആയിരം സിനിമ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല! സത്യമുള്ള ഒരേയൊരു സിനിമ! അതിന് തുടക്കം കുറിക്കുന്നൂ! വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.’’ കൂട്ടിക്കൽ ജയചന്ദ്രൻ കുറിച്ചു .
മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയനായ കൂട്ടിക്കൽ ജയചന്ദ്രൻ അടുത്ത കാലത്തായി അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിലൂടെയാണ് വാർത്തകളിൽ നിറയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.