പ്രൈഡ് ആൻഡ് പ്രെജുഡീസ് എന്ന പരമ്പരയിൽനിന്ന്.
വിഖ്യാത എഴുത്തുകാരി ജെയ്ൻ ഓസ്റ്റെന്റെ 'പ്രൈഡ് ആൻഡ് പ്രെജുഡീസ്' എന്ന നോവലിനെ അടിസ്ഥാനമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന വെബ് സീരീസിന്റെ റിലീസ് പ്രഖ്യാപിച്ചു. പ്രശസ്ത ക്ലാസിക് കൃതിയുടെ ദൃശ്യാവിഷ്കാരം ഡിസംബർ മൂന്നു മുതൽ നെറ്റ്ഫ്ളിക്സിലൂടെ സംപ്രേഷണം ആരംഭിക്കും. യുകെയിലെ ബാത്തിൽ നടക്കുന്ന 'ജെയ്ൻ ഓസ്റ്റെൻ ഫെസ്റ്റിവലി'നിടെയാണ് അണിയറപ്രവർത്തകർ റിലീസ് പ്രഖ്യാപിച്ചത്.
എംപയർ, ദി ക്രൗൺ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ എമ്മ കോറിൻ ആണ് എലിസബത്ത് ബെന്നറ്റ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാക്ക് ലോഡൻ, ഒലീവിയ കോൾമാൻ, റൂഫസ് സെവെൽ, ഫ്രെയ മേവർ, ലൂയിസ് പാർട്രിഡ്ജ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ ബെന്നറ്റ് കുടുംബത്തിലെ പെൺകുട്ടികളുടെ ജീവിതം, സാമൂഹിക സമ്മർദങ്ങൾ, പ്രണയം, സങ്കീർണമായ ബന്ധം എന്നിവയാണ് പ്രൈഡ് ആൻഡ് പ്രെജുഡീസിന്റെ പ്രമേയം. ഡോളി ആൽഡർട്ടൺ തിരക്കഥയൊരുക്കുന്ന പരമ്പര സംവിധാനം ചെയ്യുന്നത് യൂറോസ് ലിൻ ആണ്.
2005-ൽ കിയാറ നൈറ്റ്ലിയെ പ്രധാന കഥാപാത്രമാക്കി പുറത്തിറങ്ങിയ 'പ്രൈഡ് ആൻഡ് പ്രെജുഡീസ്' എന്ന സിനിമ ലോകമെമ്പാടും വലിയ തരംഗമായിരുന്നു. പുതുതലമുറയിലെ പ്രേക്ഷകരുടെ മുന്നിലേക്കു പ്രണയകഥ പുതിയ രൂപത്തിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എമ്മ കോറിൻ പ്രതികരിച്ചു. ഇതിനുമുൻപും ഈ നോവലിനെ ആസ്പദമാക്കി നിരവധി സിനിമകളും പരമ്പരകളും പുറത്തുവന്നിട്ടുണ്ട്.