ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
ഓസ്കർ ജേതാവ് ജെസിക്ക ചാസ്റ്റെയ്ൻ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രം അദർ മമ്മിയുടെ ട്രെയിലര്‍ റിലീസായി. സൈക്കോളജിക്കൽ – ഹൊറർ ചിത്രമായ അദർ മമ്മിയിൽ ഇരട്ട വേഷത്തിലാണ് ജെസീക്ക ചസ്റ്റെയ്ന്‍ എത്തുന്നത്.
‘കൺജ്യൂറിംഗ്’, ‘ഇൻസിഡിയസ്’ എന്നീ ചിത്രങ്ങൾ നിർമിച്ച ജെയിംസ് വാൻ, ‘ഒബ്സഷൻ’ എന്ന ഹൊറർ ചിത്രം നിര്‍മിച്ച ജാസൺ ബ്ലൂം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റോബ് സാവേജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജോഷ് മലേർമന്റെ ‘ഇൻസിഡൻസ് എറൗണ്ട് ദ ഹൗസ്’ എന്ന നോവലാണ് ‘അദർ മമ്മി’ എന്ന പേരിൽ സിനിമയാകുന്നത്. ഒക്ടോബർ ഒൻപതിനാണ് ചിത്രം ആഗോളവ്യാപകമായി റിലീസിനെത്തുക.
എട്ടുവയസ്സുകാരിയായ ‘ബേല’ എന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്ക് അമാനുഷിക ശക്തിയുടെ സാന്നിധ്യമുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ബേലയുടെ അമ്മ ഉർസുലിൻ ആയി വേഷമിടുന്നത് ജെസീക്ക ചസ്റ്റെയ്നാണ്.
അതേ രൂപത്തിൽ എത്തുന്ന അമാനുഷികശക്തിയായും ചസ്റ്റെയിനാണ് എത്തുന്നത്. തന്റെ യഥാർഥ അമ്മ ആരാണെന്ന ആശക്കുഴപ്പത്തിലാകുന്ന ‘ബേല’യുടെ കഥാപരിസരമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഹൊറർ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജെസീക്ക ചസ്റ്റെയ്ന്‍ 2019ന് ശേഷം വേഷമിടുന്ന ഹൊറർ ചിത്രമാണ് ‘അദർ മമ്മി’. ‘ടെയ്ക്ക് ഷെൽട്ടർ’,‘മമ്മ’,‘ചാപ്റ്റർ 2’, എന്നിവയാണ് ജസീക്കയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ജെയ് ഡുപ്ലാസ്, ഡിച്ചെൻ ലാക്മാൻ, കാറെൻ അല്ലെൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്.
Tags : Other Mommy Trailer Entertainment Movies Cinema