പണി എന്ന ചിത്രത്തിനുശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു തുടക്കം കുറിച്ചു. പരിപാടി എന്നാണ് പുതിയ ചിത്രത്തിനു പേരിട്ടിരിക്കുന്നത്. പണി എന്ന സിനിമയുടെ രണ്ടാം ഭാഗമല്ല ഇത്.
2018, രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ജോജു തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിനു സംഗീതം യുവൻ ശങ്കർ രാജയാണ്.
2024 ൽ തിയറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’ വലിയ ഹിറ്റായിരുന്നു. എന്നാൽ ഈ പ്രോജക്ടിന് ‘പണി’ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. നേരത്തെ ഇത് ‘പണി 2’ ആണെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ‘പണി 2’ താൽക്കാലികമായി ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ട്.
കേരളത്തിന് അകത്തും പുറത്തും യൂറോപ്യൻ രാജ്യങ്ങളിലും പരിപാടിയുടെ ചിത്രീകരണം നടക്കും. ടോക്സിക് ഉൾപ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവി കാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് സംഘട്ടനം ഒരുക്കുന്നു എന്നതും പരിപാടിയുടെ ഹൈലൈറ്റ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുക.
ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം മനു ആന്റണി, സൗണ്ട് ഡിസൈൻ അജയൻപി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ സാബു മോഹൻ, സംഘട്ടനം അൻപറിവ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം ഗോപകുമാർ ജികെ, നിർമാണ നിർവഹണം വർക്കി ജോർജ്, നിർമാണ നിയന്ത്രണം ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം: മെൽവി ജെ, മേക്കപ്പ് ഷമീർ ശാം, രൂപപരിവർത്തന ചമയം എൻ ജി റോഷൻ, വിഎഫ്എക്സ് ലിറ്റിൽ ഹിപ്പോ, മുഖ്യ സഹസംവിധായകൻ ഷെല്ലി ശ്രീസ്, പരസ്യകല സർക്കാസനം.
Tags : paripady joju george venu kunnapally