അന്തരിച്ച നാടക പ്രവർത്തകൻ കെ.വി.വിജേഷിന്റെ നാടകപ്രവർത്തനങ്ങൾ തുടരുമെന്ന് അറിയിച്ച് ഭാര്യയും നടിയുമായ കബനി. നാടകം ഉയിർത്തെഴുന്നേൽപ്പിന്റേതുകൂടിയാണെന്നും പാതിവഴിയിൽ നിർത്തിയ നാടകം അതിന്റെ പൂർത്തികരണത്തിലാണെന്നും കബനി പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ നാടക പരിശീലനത്തിനിടെയായിരുന്നു വിജേഷിന്റെ അകാല വിയോഗം.
കബനിയുടെ വാക്കുകൾ
പ്രിയരേ ഞാനും മോളും കൂട്ടുകാരുമിവിടെ തേവരയിൽ വിജേഷേട്ടൻ പാതിയിൽ നിർത്തിയ നാടകത്തിന്റെ പൂർത്തീകരണത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം ഒപ്പം ഉണ്ടെന്നറിയാം.
നാടകം ഉയിർത്തെഴുന്നേൽപ്പിന്റേതുകൂടിയാണ്. മരണമെന്നത് യാഥാർഥ്യത്തിലുള്ള ഒരു നാടകമാണ് എന്നത് വിജേഷേട്ടൻ എനിക്ക് തന്ന പുതിയ പാഠം. ഇവിടെ മരണപ്പെട്ട നടൻ ഉടലോടെ സ്റ്റേജിൽ നിന്നു പുറത്തുവരില്ല. അവൻ ജീവിക്കുക കാണികളുടെ മനസിലാണ്.
അവരിലൂടെ അവൻ ശ്വസിക്കും, അവനെയോർത്തവർ കരയും, ആളുകളവനെ പ്രണയിച്ചുകൊണ്ടേ ഇരിക്കും. വീണ്ടും വികാരങ്ങളുടെ വിസ്ഫോടനങ്ങൾ ജനഹൃദയങ്ങളിൽ അവൻ തീർക്കും. അവനാണ് ക്രിയേറ്റർ. മരണമില്ലാത്തവൻ.
നിങ്ങൾ വിജേഷേട്ടന്റെ പാട്ടുകളെയും വരകളെയും നാടകങ്ങളെയും ഇത്രത്തോളം ചേർത്തുപിടിക്കുമ്പോൾ എനിക്ക് വീട്ടിൽ കരഞ്ഞിരിക്കാനാവില്ല. നാടകക്കാരിയാവാൻ ഞാൻ എടുത്ത തീരുമാനം ചിലപ്പോൾ ഈ ദിവസത്തിനുകൂടി വേണ്ടിയാവും.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ നാടക പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു വിജേഷ്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകന്, അഭിനയ പരിശീലകന് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്.
Tags : vijesh theatre artist drama