ചെന്നൈ: കുഴിത്തുറൈ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവേൽ അന്തരിച്ചു. ചെന്നൈ ചെറ്റ്പേട്ടിലെ ഹാരിംഗ്ടൺ റോഡിലുള്ള കെയർ ഹോമിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറൈ മോസ്റ്റ് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.
2014ൽ സ്ഥാപിതമായ കുഴിത്തുറൈ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു ഡോ. ജെറോം ദാസ് വരുവേൽ. 2020 ജൂൺ ആറിന് അനാരോഗ്യം മൂലം രാജിവച്ചു. 1951 ഒക്ടോബർ 21ന് കോട്ടാർ രൂപതയിലെ പടുവൂരിൽ ജനിച്ച ഇദ്ദേഹം നാഗർകോവിലിൽ പ്രാഥമികവിദ്യാഭ്യാസം ആരംഭിച്ചു. 1976ൽ സലേഷ്യൻ സഭയിൽ ചേർന്നു.
വൈദികനായശേഷം റോമിൽ ഉന്നതപഠനം നടത്തി. സാമ്പത്തികശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവകലാശാലയിൽനിന്ന് പെഡഗോഗിയിൽ ബിരുദാനന്തരബിരുദം നേടി. 1985 ജൂൺ രണ്ടിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് തിരുപ്പട്ടം നൽകിയത്.
Tags : Bishop Dr. Jerome Das Varuvel passes away