പ്രതീകാത്മക ചിത്രം
ലക്നോ: യാത്രയാക്കാൻ ബന്ധുവിനൊപ്പം വന്ദേഭാരത് എക്സ്പ്രസിൽ കയറിയ 12 പേർ ട്രെയിൻ പുറപ്പെട്ടതോടെ കുടുങ്ങി. ഓട്ടോമാറ്റിക് വാതിലുകൾ അടയുന്ന വന്ദേഭാരത് ട്രെയിനിൽ നിന്ന് പെട്ടെന്ന് ഇറങ്ങാൻ സാധിക്കാതെ വന്നതോടെ യാത്രക്കാരുടെ ബന്ധുക്കൾ ട്രെയിനിനുള്ളിൽ ബഹളം വയ്ക്കുകയായിരുന്നു.
കാൺപൂർ സ്റ്റേഷനിൽ രാവിലെ 9:26-ന് എത്തിയ വന്ദേഭാരത് ട്രെയിൻ 9:30-നാണ് യാത്ര തിരിച്ചത്. ഈ സമയത്ത് ബന്ധുക്കളെ യാത്രയാക്കാനായി ട്രെയിനിനുള്ളിൽ കയറിയ 12 പേരാണ് ട്രെയിൻ സ്റ്റേഷൻ വിട്ടതോടെ കുടുങ്ങിപ്പോയത്. വാതിലുകൾ തനിയെ ലോക്കാകുന്ന സംവിധാനമുള്ളതിനാൽ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോൾ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
തുടർന്ന് ട്രെയിനിനുള്ളിൽ ബഹളമുയരുകയും വാതിലുകൾ തുറക്കണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ട്രെയിൻ ഇതിനോടകം വേഗത കൈവരിച്ചിരുന്നു. ഒടുവിൽ ബഹളത്തിനൊടുവിൽ വന്ദേഭാരതിന് സ്റ്റോപ്പില്ലാത്ത ഇറ്റാവ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ഈ 12 പേരെയും പുറത്തിറക്കിയത്. രാവിലെ 10:49-ഓടെയായിരുന്നു ഇത്.
സ്റ്റേഷനിൽ പരിശോധന നടത്തിയ റെയിൽവേ പൊലിസ് ഇവർ പ്ലാറ്റ്ഫോം ടിക്കറ്റോ യാത്രാ ടിക്കറ്റോ ഇല്ലാതെയാണ് ട്രെയിനിൽ കയറിയതെന്ന് കണ്ടെത്തി. ടിക്കറ്റില്ലാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിനും വന്ദേഭാരതിൽ കയറിയതിനും ഓരോരുത്തർക്കും 3,000 രൂപ വീതം ആകെ 36,000 രൂപ പിഴ ഈടാക്കി. തുടർന്ന് തുക അടച്ച ഇവരെ പൊലിസ് വിട്ടയക്കുകയും തെറ്റ് ആവർത്തിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Tags : VandeBharat Railway Fine