ജാമിയ പ്രതിഷേധം
ന്യൂഡല്‍ഹി: വിദ്യാര്‍ഥി യൂണിയന് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരം തുടരുന്നു. ശനിയാഴ്ച വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തുന്ന പന്തല്‍ സുരക്ഷാജീവനക്കാര്‍ പൊളിച്ചുനീക്കിയെങ്കിലും രാത്രി വൈകി വിദ്യാര്‍ഥികള്‍ പന്തല്‍ പുനഃസ്ഥാപിച്ചു. അതിനിടെ പ്രതിഷേധിക്കുന്ന മറ്റു വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും കുടിവെള്ളവും നിഷേധിച്ചതായി സമരക്കാര്‍ ആരോപിച്ചു.
എല്ലാ ക്ലാസുകളും ഓണ്‍ലൈനിലേക്കു മാറ്റിയതോടെ സര്‍വകലാശാലയുടെ ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. പൊലിസ് തടഞ്ഞിട്ടും വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും പ്രാദേശികനേതാക്കളും സമരം നടക്കുന്ന ഗേറ്റ് നമ്പര്‍ ഏഴിലെത്തിയിരുന്നു. പ്രതിഷേധം നടത്തിയതിന് മൂന്ന് വനിതാവിദ്യാര്‍ഥി നേതാക്കളടക്കം നാലുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാസ്ഹര്‍ ആസിഫ് ഇന്നലെ സമരപ്പന്തലിനു സമീപമെത്തിയെങ്കിലും നിരാഹാരസമരം നടത്തുന്ന വിദ്യാര്ഥികളുമായോ പ്രതിഷേധക്കാരുമായോ സംസാരിച്ചില്ല. സര്‍വകശാലയിലെ ഹോസ്റ്റല്‍ അടച്ചിട്ടില്ലെങ്കിലും വിദ്യാര്‍ഥികളോടു വീട്ടിലേക്കു മടങ്ങാൻ വാര്ഡന്മാര് നിര്‍ബന്ധിക്കുന്നുവെന്നും ഭക്ഷണമുള്‍പ്പടെയുള്ള അടിസ്ഥാന സംവിധാനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്.
2006 മുതല്‍ പ്രവര്‍ത്തനം നിലച്ച വിദ്യാര്‍ഥി യൂണിയന് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 12 മുതലാണ് അഞ്ചു വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.സമരക്കാരെ കഴിഞ്ഞദിവസം സുരക്ഷാജീവനക്കാര്‍ ആക്രമിക്കുകയും പന്തൽ പൊളിച്ചുനീക്കുകയും ചെയ്തതു സംഘർഷത്തിൽ കലാശിച്ചിരുന്നു.
Tags : Jamia Protest Deepika DeepikaNewspaper BreakingNews Allegations that protesters were denied food and drinking