ഇ.പി. ജയരാജൻ
കണ്ണൂര്‍: ഇ.പി. ജയരാജനെയും ഭാര്യ ഇന്ദിരയെയും വിടാതെ സഹോദരീപുത്രന് ഇ.പി. ശ്യാംജിത്ത്. വൈദേകം റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച രേഖകളില്‍ മാറ്റം വരുത്താന്‍ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ശ്രമിച്ചെന്നാണ് ശ്യാംജിത്തിന്റെ ഇന്നലെത്തെ ആരോപണം. ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്. കാത്തിരിക്കൂ എന്നാണ് ഇന്നലെ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.
പി.കെ. ഇന്ദിരയുടെ കണ്ണൂർ ആയുർവേദ റിസോർട്ടിലെ നിക്ഷേപം റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ?, കേരള ബാങ്കിൽ ജോലി ചെയ്തു വിരമിച്ച ഒരാൾക്കു ലഭിച്ച ആനുകൂല്യങ്ങൾ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ?
ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളുടെയും രേഖകൾ ഇനിയും പുറത്തുവരാനുണ്ടെന്നുമാണ് ആരോപണം.
ഫേസ്ബുക്ക് കുറിപ്പ്:
ഇതിനിടെ റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച രേഖകളില്‍ മാറ്റം വരുത്താൻ തയാറാകാതിരുന്നതോടെയാണ് തന്റെ ഭാര്യയെ പിരിച്ചുവിട്ടതെന്ന് ശ്യാംജിത്ത് ഒരു സ്വകാര്യ ചാനലിലൂടെ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ലേബര്‍ കമ്മിഷണറെ സമീപിച്ചതായും ശ്യാംജിത്ത് പറയു ന്നു.
സിപിഎം മുന്‍ എംഎല്‍എ ജയിംസ് മാത്യു ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ശ്യാംജിത്ത് ഉന്നയിക്കുന്നുണ്ട്. റിസോര്‍ട്ടില്‍ പലര്‍ക്കും നിക്ഷേപമുണ്ടെന്നും ശ്യാംജിത്ത് ആരോപിച്ചു.
കഴിഞ്ഞ ദിവസം ശശിധരന് കര്‍ത്തയില്‍നിന്ന് ഇപിയുടെ ഭാര്യ പി.കെ. ഇന്ദിര പണം വാങ്ങിയെന്നും ഈ പണമാണ് വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചതെന്നുമുള്ള ഗുരുതര ആരോപണവുമായാണ് ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ആരോപണം ഉന്നയിച്ചത് താനല്ലെന്നും വിശദീകരിച്ച് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും ഇതിനു പിന്നാലെ ശ്യാംജിത്ത് പങ്കുവച്ചിരുന്നു.
സിപിഎമ്മിനെതിരേ നീങ്ങിയ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസിനെ കണ്ണൂർ ആയുർവേദ റിസോർട്ടിൽ പി.കെ. ഇന്ദിര നിയമിച്ചതാണോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ടെന്നും മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും പുറത്തറിയുന്നതിന് പിന്നിൽ പി.കെ. ഇന്ദിരയുടെ ബന്ധുവിന് പങ്കുണ്ടോ എന്നതും വഴിയേ വ്യക്തമാകുമായിരിക്കും.ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇനിയും പുറത്തുവരാനുണ്ട്. രേഖകളും വിവരങ്ങളും പുറത്തുവരട്ടെ. ആരേയും മുൻകൂട്ടി കുറ്റക്കാരനാക്കുന്നില്ല. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണം.
രേഖകൾ സംസാരിക്കട്ടെ. കാത്തിരിക്കൂ… ബാക്കി വഴിയേ അറിയാം എന്നു പറഞ്ഞാണ് രണ്ടാമത്തെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Tags : P.K. Indira investment Deepika DeepikaNewspaper BreakingNews P.K. Indira’s investment in Vaidehakam