പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓരോ കുട്ടികളും വായിച്ചു വളരണമെന്നും വായനയാണ് അറിവിന്റെ അടിസ്ഥാനമെന്നും തോരാതെ പറയുന്ന വിദ്യാഭ്യാസ വകുപ്പ് വായനയുടെ തുടക്കമാകേണ്ട സ്കൂൾ ലൈബ്രറികളിൽ ലൈബ്രേറിയൻമാരെ നിയമിക്കുന്നതിൽ അനങ്ങാപ്പാറ നയം തുടരുന്നു.
ജൂണ് 19 മുതൽ 25 വരെ വായനാ വാരമായി ആഘോഷിക്കുന്ന കേരളത്തിൽ കഴിഞ്ഞ 25 വർഷമായി സ്കൂളുകളിലെ ലൈബ്രേറിയൻ നിയമനത്തിൽ മാത്രം തീരുമാനമില്ല. 2001ൽ നിയമസഭ അംഗീകരിച്ച ഹയർ സെക്കൻഡറി സ്പെഷൽ റൂൾസ് നോക്കുകുത്തിയായി നിൽക്കുകയാണ്. ലൈബ്രറി ഫീസ് ഇനത്തിൽ ഓരോ വർഷവും പിരിച്ചെടുക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്.
മാറിമാറി വരുന്ന സർക്കാരുകളുടെ കാലത്ത് ലൈബ്രേറിയൻ നിയമനം സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടി സർക്കാർ പരിശോധിച്ചു വരികയെന്നാണ്. ഈ പരിശോധയ്ക്ക് എന്നാണ് ഒരു തീർപ്പുണ്ടാക്കുകയെന്നാണ് വിദ്യാർഥികളും അധ്യാപകരും ഒരേ സ്വരത്തിൽ ചോദിക്കുന്നത്. ഈ നിയമസഭാ സമ്മേളനത്തിലാണ് ഏറ്റവും ഒടുവിൽ ലൈബ്രേറിയൻ വിഷയത്തിലുള്ള മറുപടി ലഭിച്ചിരിക്കുന്നത്.
നിയമസഭയിൽ ടി.കെ. ഗോവിന്ദന്റെ ചോദ്യത്തിനു മറുപടിയായി പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനും നൽകിയിരുന്നത് വിഷയം സർക്കാർ പരിശോധിച്ചു വരികയാണെന്നാണ്. 2001ൽ ഹയർസെക്കൻഡറി സ്പെഷൽ റൂൾസിൽ ലൈബ്രേറിയൻ തസ്തിക ഉൾപ്പെടുത്തിയിട്ടും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ തസ്തികകളിൽ സ്ഥിരം നിയമനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ എന്ന ചോദ്യത്തിനും മറുപടി ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിക്കുന്ന വിഷയം സർക്കാർ പരിശോധിച്ചു വരികയാണെന്നാണ്.
നിയമനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവും ഖാദർ കമ്മിറ്റി ശിപാർശയും പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിനും മറുപടി പരിശോധിച്ചു വരികയെന്നാണ്. നിലവിൽ സ്കൂൾ അധ്യാപകർക്ക് ലൈബ്രറിയുടെ അധിക ചുമതല നൽകുന്ന രീതി കാരണം വിദ്യാർഥികൾക്ക് കൃത്യമായ ലൈബ്രറി സേവനം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും സർക്കാർ വിഷയം പരിശോധിച്ചു വരികയാണെന്ന മറുപടിയായിരുന്നു.
സ്കൂളുകളിൽ ലൈബ്രേറിയൻമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയാൽ അപ്പോൾ ലഭിക്കുന്ന മറുപടി നിങ്ങളുടെ അപേക്ഷ തുടർ നടപടികൾക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചു നൽകിയിട്ടുണ്ടെന്നാണ്. ഈ മറുപടിയും വർഷങ്ങളായി തുടരുന്നുവെന്നാണ് ഉദ്യോഗാർഥികളും വിദ്യാർഥികളും പറയുന്നത്.
Tags : librarian appointments Deepika DeepikaNewspaper BreakingNews NewsUpdate ssue of Higher Secondary