എച്ച്.കെ. പാട്ടീൽ
തിരുവനന്തപുരം: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ ഗൗരവത്തോടെ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളിൽ പൂർണമായ സുതാര്യത ഉറപ്പാക്കണമെന്നും എഐസിസി നിരീക്ഷകൻ എച്ച്.കെ. പാട്ടീൽ. കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പുകളിലാണ്. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മേൽനോട്ടവും നിയന്ത്രണവും നിർവഹിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്പക്ഷമായും സുതാര്യമായും പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ്. എന്നാൽ, വോട്ടർ പട്ടികയുടെ പുനരവലോകനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഉയരുന്ന പരാതികൾ കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
ഭരണഘടനയും ബാധകമായ നിയമങ്ങളും അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം കമ്മിഷൻ പ്രവർത്തിക്കേണ്ടത്. എസ്ഐആറിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ചോദ്യംചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് കോണ്ഗ്രസും ഇന്ത്യ സഖ്യവും. ഈ പോരാട്ടത്തിന് യുവജനങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.
നവംബർ ഒന്നിന് പത്തുലക്ഷം ജനാധിപത്യ വിശ്വാസികളെ അണിനിരത്തി രാജ്യതലസ്ഥാനത്ത് വൻ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനായുള്ള ഈ പോരാട്ടത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും എച്ച്.കെ. പാട്ടീൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, നേതാക്കളായ ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, ജോണ് വിനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Election Commission Deepika DeepikaNewspaper BreakingNews Transparency must be ensured