ന്യൂഡൽഹി: അടുത്ത റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിച്ചുതുടങ്ങി. ജൂലൈ 31 ആണ് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി.
രാഷ്ട്രീയ പുരസ്കാർ പോർട്ടൽ മുഖേന ഓണ്‍ലൈനായി മാത്രമേ നാമനിർദേശങ്ങൾ സ്വീകരിക്കുകയുള്ളൂ. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹികപ്രവർത്തനം, ശാസ്ത്രം, എൻജിനിയറിംഗ്, പൊതുകാര്യം, സിവിൽ സർവീസ്, വ്യാപാരം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ വിശിഷ്ട നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെ ആദരിക്കുകയാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ പുരസ്കാരങ്ങളുടെ ലക്ഷ്യം.
പദ്മ പുരസ്കാരങ്ങളെ ജനകീയമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമായി സ്വയം നാമനിർദേശം ചെയ്യാനും പൗരന്മാർക്ക് ഇപ്പോൾ അവസരമുണ്ട്.
നാമനിർദേശങ്ങൾ സമർപ്പിക്കുന്പോൾ ബന്ധപ്പെട്ട വ്യക്തിയുടെ സേവനങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പരമാവധി 800 വാക്കുകളിൽ കവിയാത്ത ലഘുവിവരണം പോർട്ടലിൽ നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പദ്മ അവാർഡ് പോർട്ടലിലും ലഭ്യമാണ്.
Tags : Padma Awards Nominations submitted