ന്യൂഡൽഹി: പഞ്ചാബ് മോഡൽ റാഞ്ചലുകൾ മുന്‍പും ബിജെപി നടപ്പാക്കിയിട്ടുണ്ട്. 2019 ജൂണിൽ തെലുങ്കുദേശം പാർട്ടിയുടെ രാജ്യസഭയിലെ ആറിൽ നാലുപേരെയും കൂറുമാറ്റിച്ചതാണു സമാന രീതി. കൂറുമാറ്റ നിരോധന നിയമത്തിലെ അയോഗ്യത മറികടക്കാൻ ആവശ്യമായ മൂന്നിൽ രണ്ടു എംപിമാരെയും ഒരുമിച്ചാണ് അന്നും ഇപ്പോഴും ബിജെപിയിലെത്തിച്ചത്.
ടിഡിപിയിലെ ആറിൽ നാല് എംപിമാർ ബിജെപിയിൽ ചേർന്ന് രണ്ടു ദിവസത്തിനു ശേഷം രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു ലയനം അംഗീകരിച്ചിരുന്നു. ഗുജറാത്തിലെ 10 കോണ്‍ഗ്രസ് എംഎൽഎമാരെ ഒരുമിച്ചാണ് 2019ൽ ബിജെപിയിലേക്കു കൂറുമാറ്റിച്ചത്.
ആസാമിൽ മുഖ്യമന്ത്രി ഹിമന്ത ശർമ അടക്കം എട്ട് കോണ്‍ഗ്രസ് എംഎൽഎമാരെയും ബിജെപിയിലെത്തിച്ചിരുന്നു. ഹിമാചൽപ്രദേശിൽ ആറ് കോണ്‍ഗ്രസ് എംഎൽഎമാരെയും ഒരു സ്വതന്ത്ര എംഎൽഎയെയും ഒരുമിച്ചാണ് 2024ൽ ബിജെപിയിലെത്തിച്ചത്.
കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, റാവു ഇന്ദർജിത് സിംഗ്, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മുൻ മുഖ്യമന്ത്രിമാരായ അമരീന്ദർ സിംഗ്, അശോക് ചവാൻ, നാരായണ്‍ റാണെ, ജഗദീഷ് ഷെട്ടർ, മുൻ കേന്ദ്രമന്ത്രിമാരും ഇപ്പോൾ എംപിമാരുമായ ജിതിൻ പ്രസാദ, മിലിന്ദ് ദിയോറ, ആർപിഎൻ സിംഗ്, എംപിമാരായ സുഷ്മിത ദേവ്, കിരണ്‍ ചൗധരി, റവനീത് സിംഗ്, കോണ്‍ഗ്രസിന്റെ ആസാമിലെ പിസിസി പ്രസിഡന്റ് ഭൂപേൻ കുമാർ ബോറ, ഗുജറാത്തിലെ വർക്കിംഗ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേൽ, കോണ്‍ഗ്രസ് നേതാക്കളായിരുന്ന റീത്ത ബഹുഗുണ ജോഷി, ഗൗരവ് വല്ലഭ്, ജയ്വീർ ഷെർഗ്രിൽ, ജ്യോതി മിർധ, സവായി സിംഗ് ചൗധരി, അൽപേഷ് ഠാക്കൂർ തുടങ്ങിയവർ മുതൽ മുൻ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, പി.സി. ജോർജ്, പദ്മജ വേണുഗോപാൽ, അനിൽ ആന്റണി, ഷോണ്‍ ജോർജ്, ടോം വടക്കൻ എന്നിവർ വരെ ബിജെപിയിലേക്കു കൂറുമാറിയവരിൽ ചിലരാണ്.
കൂറുമാറ്റ നിരോധന നിയമവും വ്യവസ്ഥയും
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഒരു അംഗം ഒറ്റയ്ക്ക് പാർട്ടി വിട്ടാൽ അയോഗ്യനാക്കപ്പെടും. എന്നാൽ, ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് (2/3) അംഗങ്ങൾ ഒന്നിച്ച് മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ പുതിയ വിഭാഗം രൂപീകരിക്കുകയോ ചെയ്താൽ ഈ അയോഗ്യതയിൽനിന്ന് രക്ഷപ്പെടാം.
Tags : Punjab model quarter change defection