ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശങ്കർ ഫോണിൽ ബന്ധപ്പെട്ടത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇന്ത്യൻ സമൂഹം ഉൾപ്പെടെ ആശങ്കയിൽ തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. എക്സ് പോസ്റ്റിലൂടെ ജയശങ്കർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം ഇരുവരും സംസാരിച്ചതെന്തെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മരണത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് എസ്. ജയശങ്കര്‍ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന വിവരം പുറത്തുവന്നത്. ഖമനയ്യുടെ മരണത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
Tags : s jayasankar iran usa israel