ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂജഴ്സി: ദൈവസ്നേഹത്തിന്റെ ആഴവും ത്യാഗത്തിന്റെ മഹത്വവും ഓർമിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ "എനിക്കായ് മുറിഞ്ഞ സ്നേഹം' എന്ന ക്രൈസ്തവ ഭക്തിഗാനം സംഗീതാസ്വാദകരുടെ മനം കവരുന്നു.
മലയാളം ക്രൈസ്തവ സംഗീതലോകത്തേക്ക് എത്തിയ ഈ പുതിയ ഗാനം, ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിശ്വാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. മനുഷ്യകുലത്തോടുള്ള യേശുക്രിസ്തുവിന്റെ അളവറ്റ കരുണയും കുരിശിലെ ത്യാഗസ്നേഹവുമാണ് ഗാനത്തിന്റെ ഇതിവൃത്തം.
ദിവ്യകാരുണ്യ നാഥന്റെ സാന്നിധ്യവും സ്നേഹവും ഹൃദയത്തിൽ അനുഭവിക്കാൻ ആഹ്വാനം ചെയ്യുന്ന വരികൾ, ആഴമേറിയ ആത്മീയ ചിന്തകളിലേക്കും പ്രാർഥനയിലേക്കും ശ്രോതാക്കളെ നയിക്കുന്നു.
പിങ്കു തോമസ്, സ്കറിയ ജേക്കബ്, വിൽസൺ പിറവം എന്നിവരുടെ കൂട്ടായ്മയിലാണ് ഈ മനോഹര ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതവും ആത്മീയതയും ഇഴചേരുന്ന ഈ സൃഷ്ടി കേവലം ഒരു ഗാനത്തിനപ്പുറം, മനസിന് കുളിർമയേകുന്ന ഒരു ധ്യാനാനുഭവമായാണ് ആസ്വാദകർ വിലയിരുത്തുന്നത്.
മലയാളികളുടെ പ്രാർഥനാവേളകളിലും കുടുംബപ്രാർഥനകളിലും ഭക്തിഗാനങ്ങൾക്ക് എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും പ്രത്യാശയോടെ മുന്നോട്ട് പോകാനും ഇത്തരം ഗാനങ്ങൾ വലിയ പ്രചോദനമാകുന്നു.
ഡിജിറ്റൽ യുഗത്തിൽ യൂട്യൂബ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പുതിയ തലമുറയിലേക്കും വിശ്വാസത്തിന്റെ സന്ദേശം വേഗത്തിൽ എത്തിക്കാൻ ഈ സംഗീത സംരംഭത്തിന് സാധിച്ചിട്ടുണ്ട്.
സ്നേഹത്തിന്റെ യഥാർഥ അർഥം ത്യാഗത്തിലാണെന്നും, വിശ്വാസത്തിന്റെ കരുത്ത് പ്രത്യാശയിലാണെന്നും ഓർമിപ്പിക്കുന്ന "എനിക്കായ് മുറിഞ്ഞ സ്നേഹം' സിയോൻ സോംഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
Tags : EnikkayiMurinjaSneham FreshMelody Spirituality DrawsAttention