ഫിലാഡൽഫിയ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി അമേരിക്കയിലും കേരളത്തിലും പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയയുടെ നേതൃത്വത്തിൽ നിർധനരായ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകളും കാൻസർ, വൃക്കരോഗികൾക്ക് ചികിത്സാ സഹായധനവും വിതരണം ചെയ്തു.
2026-ലെ പ്രവർത്തനങ്ങളുടെ ഭാഗമായി മീനടം മോസ്കോ കവലയിലുള്ള യുണൈറ്റഡ് കേരള യൂത്ത് അസോസിയേഷൻ ഓഫീസിലാണ് സഹായവിതരണം നടന്നത്. മീനടം പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവർത്തകനുമായ എൻ.ടി. തോമസിന്റെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഓർത്തഡോക്സ് ചർച്ച് ചാരിറ്റീസിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.
കോട്ടയം അസോസിയേഷന്റെ കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മുൻ പ്രസിഡന്റഅ ഇട്ടിക്കുഞ്ഞ് എബ്രഹാം ചടങ്ങുകൾക്ക് നേതൃത്വം നൽകി. രോഗാവസ്ഥമൂലം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നവരുടെ വീടുകളിലെത്തിയും സഹായധനം കൈമാറി.
ചാരിറ്റി കോഓർഡിനേറ്റർ സണ്ണി കിഴക്കേമുറിയുടെ നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കാളികളായി. അമേരിക്കയിലും കേരളത്തിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന തുടർച്ചയായി നടത്തിവരുന്നുണ്ട്.

കഴിഞ്ഞ മൂന്നു വർഷമായി നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിലൂടെ കേരളത്തിലെ പത്തോളം നിർധന വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം ഒരുക്കാൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സമൂഹത്തിലെ അശരണരെയും നിർധനരെയും കണ്ടെത്തി അർഹമായ സഹായം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേരള കോഓർഡിനേറ്റർ ഇട്ടിക്കുഞ്ഞ് എബ്രഹാം നേതൃത്വം നൽകുന്നു. കേരളത്തിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വിശദമായ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് ചാരിറ്റി കോഓർഡിനേറ്റർ സണ്ണി കിഴക്കേമുറി പറഞ്ഞു.
ഉദാരമതികളായ വ്യക്തികളുടെ നേരിട്ടും അല്ലാതെയുമുള്ള സഹായസഹകരണങ്ങളാണ് സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രധാന കരുത്തെന്ന് പ്രസിഡന്റ് സാജൻ വർഗീസ് പറഞ്ഞു.
സാജൻ വർഗീസ് (പ്രസിഡന്റ്), ജീമോൻ ജോർജ് (വൈസ് പ്രസിഡന്റ്), സഞ്ജു സക്കറിയ (ജനറൽ സെക്രട്ടറി), ജോൺ പി. വർക്കി (ട്രഷറർ) എന്നിവരാണ് കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയയുടെ നിലവിലെ ഭാരവാഹികൾ.
കുര്യൻ രാജൻ, ജോബി ജോർജ്, സാബു ജേക്കബ്, ജോസഫ് മാണി, ബെന്നി കൊട്ടാരത്തിൽ, മാത്യു ഐപ്, വർഗീസ് വർഗീസ്, സാബു പാമ്പാടി, ജെയിംസ് അന്ത്രയോസ്, ജോൺ മാത്യു, എബ്രഹാം ജോസഫ്, അരുൺ വർക്കി, സരിൻ ചെറിയാൻ കുരുവിള, ജെയ്സൺ വർഗീസ്, ബിജു എബ്രഹാം എന്നിവരും വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നു.
Tags : KottayamAssociation Philadelphia Charity MedicalAid NRINews