ഹോട്ടൽ അഡ്ലോൺ
ബെർലിൻ: ജർമൻ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ആഡംബര മുഖമുദ്രയായ ഹോട്ടൽ ’അഡ്ലോൺ’ കെമ്പിൻസ്കി വിൽപ്നയ്ക്ക് വയ്ക്കുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥരായ ഫണ്ടിലെ നിക്ഷേപകരുടെ ആവശ്യപ്രകാരമാണ് വിൽപന.
എന്നാൽ ഹോട്ടലിന്റെ നടത്തിപ്പ് നിലവിലെ കെംപിൻസ്കി ഗ്രൂപ്പ് തന്നെ തുടരും. കുറഞ്ഞത് 280 മില്യൺ യൂറോയാണ് (28 കോടി യൂറോ) ഈ ചരിത്രപ്രസിദ്ധമായ കെട്ടിടത്തിന് വിലയിട്ടിരിക്കുന്നത്.
ഫണ്ടസ്ഫണ്ട് 31 (Fundus-Fonds 31) എന്ന ഫണ്ടിലെ നാലായിരത്തിലധികം വരുന്ന വ്യക്തിഗത നിക്ഷേപകരിൽ ഭൂരിഭാഗവും കഴിഞ്ഞ 30 വർഷമായി ഇതിൽ പങ്കാളികളാണ്. പ്രായമായതിനെ തുടർന്ന് തങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് പണം പിൻവലിക്കാനുള്ള നിക്ഷേപകരുടെ ആവശ്യപ്രകാരമാണ് കെട്ടിടം വിൽപനയ്ക്ക് വയക്കുന്നത്.
നിക്ഷേപകർക്കിടയിൽ നിലവിൽ വോട്ടെടുപ്പ് നടക്കുകയാണ്. 75 ശതമാനം വോട്ടുകൾ അനുകൂലമായാൽ അന്താരാഷ്ട്ര തലത്തിൽ ലേലം(International Bidding) ആരംഭിക്കും.

ഹോട്ടൽ കെട്ടിടം മാത്രമാണ് വിൽപ്നയ്ക്ക് വയ്ക്കുന്നത്, ഹോട്ടൽ നടത്തിപ്പ് വിൽക്കുന്നില്ല. കെംപിൻസ്കി ഗ്രൂപ്പുമായുള്ള പാട്ടക്കരാർ 2032 അവസാനം വരെ നിലവിലുള്ളതിനാൽ ജീവനക്കാരെയും അതിഥികളെയും ഇത് തത്കാലം ബാധിക്കില്ല.
ബർലിനിലെ ബ്രാൻഡൻബുർഗ് ഗേറ്റിന് (Brandenburger Tor) തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ ലോകനേതാക്കളുടെയും രാജകുടുംബാംഗങ്ങളുടെയും പോപ്പ് താരങ്ങളുടെയും സ്ഥിരം താവളമാണ്.
2002ൽ സംഗീത ഐക്കൺ മൈക്കൽ ജാക്സൺ തന്റെ കുഞ്ഞിനെ ഹോട്ടൽ ജനലിലൂടെ പുറത്തേക്ക് കാണിച്ച പ്രശസ്തമായ സംഭവം നടന്നത് ഇവിടെവച്ചായിരുന്നു.
Tags : Berlin's famous l luxury hotel Adlon'