റൺവേയിൽ ഡ്രോൺ കണ്ടെത്തി
ബർലിൻ: ജർമൻ തലസ്ഥാനത്തെ ബർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ (BER) ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വിമാന സർവീസുകൾ നിർത്തിവച്ചു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ വിമാനത്താവളത്തിന്റെ വടക്കൻ റൺവേയ്ക്ക് സമീപം അജ്ഞാത ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരക്ഷ മുൻനിർത്തി അധികൃതർ വ്യോമപാത അടിയന്തരമായി അടച്ചത്. തുടർന്ന് രാത്രി 8:20 മുതൽ 45 മിനിറ്റിലധികം സമയം വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു.
വിമാനങ്ങൾ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു
വിമാനത്താവളം അടച്ചതോടെ ബർലിനിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ ലെയ്പ്സിഗ് (Leipzig), ഡ്രെസ്ഡൻ (Dresden) തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു:
ഡ്രെസ്ഡനിലേക്ക്: സ്റ്റുട്ട്ഗാർട്ടിൽ നിന്നുള്ള യൂറോവിംഗ്സ് വിമാനം (EW 008), ബുഡാപെസ്റ്റിൽ നിന്നുള്ള വിസ് എയർ (Wizz Air) എന്നിവ ഡ്രെസ്ഡനിലേക്ക് തിരിച്ചുവിട്ടു.
ലെയ്പ്സിഗിലേക്ക്: ഡ്യൂസൽഡോർഫിൽ നിന്നുള്ള യൂറോവിങ്സ് (EW 8047), മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ (LH 202), ഹെരാക്ലിയോണിൽ നിന്നുള്ള ഫ്രീബേർഡ് എയർലൈൻസ് എന്നിവ ലെയ്പ്സിഗിലിറക്കി.
ഒരു ഡ്രോണല്ല, മറിച്ച് മൂന്ന് ഡ്രോണുകൾ വരെ ആകാശത്ത് കണ്ടതായി ലെയ്പ്സിഗിലേക്ക് വഴിതിരിച്ചുവിട്ട വിമാനത്തിലെ പൈലറ്റ് സ്ഥിരീകരിച്ചതായി യാത്രക്കാർ വെളിപ്പെടുത്തി. ഫെഡറൽ പൊലീസും ഡ്രോൺ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ലാൻഡിംഗിനിടെ നാടകീയ നിമിഷങ്ങൾ
കൊളോണിൽ നിന്ന് ബർലിനിലേക്ക് വന്ന യൂറോവിംഗ്സ് വിമാനം ലാൻഡിംഗിന് തൊട്ടുമുൻപ് ആകാശത്ത് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി ലാൻഡിംഗ് ഉപേക്ഷിച്ച് വീണ്ടും ആകാശത്തേക്ക് ഉയർത്തുകയായിരുന്നു. പിന്നീട് മറ്റൊരു റൺവേയിലൂടെയാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.
രാത്രി 9:05-ഓടെ വ്യോമപാത വീണ്ടും തുറന്നുകൊടുത്തെങ്കിലും, തുടർന്നുണ്ടായ ടേക്ക് ഓഫുകളും ലാൻഡിംഗുകളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തിയത്. സംഭവത്തിൽ ഫെഡറൽ പൊലീസ് കർശന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾക്ക് സമീപം നിയമവിരുദ്ധമായി ഡ്രോൺ പറത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Drone found on runway