പ്രതീകാത്മക ചിത്രം
ഡാളസ്: നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടെക്സസിൽ മുൻകൂർ വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 30 വരെയാണ് വോട്ടർമാർക്ക് മുൻകൂറായി വോട്ട് രേഖപ്പെടുത്താൻ അവസരം.
ഡാളസ് കൗണ്ടിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറ് വരെയും വോട്ടെടുപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.
ടാറന്റ് കൗണ്ടിയിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയും ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയും ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയുമാണ് വോട്ടെടുപ്പ് സമയം.
കോളിൻ, ഡെന്റൺ കൗണ്ടികളിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയും ശനിയാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയും ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയും വോട്ട് രേഖപ്പെടുത്താം.
നേരിട്ടെത്തി വോട്ട് ചെയ്യുന്നതിന് സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ നിർബന്ധമാണ്. ടെക്സസ് ഡ്രൈവിംഗ് ലൈസൻസ്, സംസ്ഥാന തിരിച്ചറിയൽ കാർഡ്, അമേരിക്കൻ പാസ്പോർട്ട്, സൈനിക തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ഉപയോഗിക്കാം.
വോട്ടെടുപ്പ് കേന്ദ്രങ്ങൾ, പ്രവർത്തനസമയം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട കൗണ്ടികളുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് വെബ്സൈറ്റുകളിൽ ലഭ്യമാണ്. വോട്ടർമാർക്ക് സൗകര്യപ്രദമായ കേന്ദ്രത്തിൽ മുൻകൂർ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ പരിശോധിച്ചശേഷം വോട്ടെടുപ്പിൽ പങ്കെടുക്കാം.
Tags : EarlyVoting Texas Voting NRINews