ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: ജീവിതത്തിലെ ഭാരങ്ങളും ആശങ്കകളും യേശുവിന്റെ കരങ്ങളിൽ സമർപ്പിച്ച് വിശ്വാസത്തോടെ മുന്നോട്ടുപോകണമെന്ന് സുവിശേഷകൻ നിക്ക് ഹാൾ ആഹ്വാനം ചെയ്തു. അഗപ്പേ ചർച്ച് സംഘടിപ്പിക്കുന്ന പതിനാറാമത് "എഴുന്നേറ്റ് ഉണർന്നു പ്രകാശിക്കുക' കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ നേരിടുന്ന ദുഃഖങ്ങളും പ്രതിസന്ധികളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പ്രാർഥനയിലൂടെ യേശുവിന്റെ സന്നിധിയിൽ സമർപ്പിക്കുകയും അവിടുത്തെ കരുതലിൽ ആശ്രയിക്കുകയും ചെയ്യുക എന്നതായിരുന്നു സന്ദേശത്തിന്റെ കേന്ദ്രവിഷയം.
സ്വന്തം ശക്തികൊണ്ട് പരിഹരിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലും ദൈവത്തിലുള്ള വിശ്വാസം കൈവിടാതെ മുന്നോട്ടുപോകാനുള്ള ആഹ്വാനമായിരുന്നു യേശുവിന്റെ കരങ്ങളിൽ ഭാരങ്ങൾ സമർപ്പിക്കുക എന്ന സന്ദേശം.
“ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു” എന്ന അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ (2 തിമൊഥെയൊസ് 4:7) ഉദ്ധരിച്ച്, പ്രതിസന്ധികളിൽ തളരാതെ വിശ്വാസജീവിതത്തിലെ ഓട്ടം പൂർത്തിയാക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സുവിശേഷപ്രവർത്തന സംഘടനയായ പൾസ് ഇവാഞ്ചലിസത്തിന്റെ സ്ഥാപകനാണ് നിക്ക് ഹാൾ.
Tags : NickHall Evangelist Convention NRINews