കൊളോൺ: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ഔദ്യോഗിക പേപ്പർവർക്കുകളും നിയമപരമായ നടപടിക്രമങ്ങളും റിക്കോർഡ് വേഗത്തിൽ വെറും 72 മണിക്കൂറുകൾക്കുള്ളിൽ (വെള്ളിയാഴ്ച മൂന്നരയോടെ) പൂർത്തിയാക്കി.
അഞ്ജലി, സിവിൻ, നോവ എന്നിവരുടെ മൃതദേഹങ്ങൾ ഒരേ വിമാനത്തിൽ തന്നെ കേരളത്തിലെത്തിക്കാനുള്ള അന്തിമ ഒരുക്കങ്ങളിലാണ് അധികൃതർ.
ഏകോപനത്തോടെ അതിവേഗ നടപടികൾ: ജർമൻ ക്രിമിനൽ പൊലിസ്, ബോഹുമിലെ സിവിൽ രജിസ്ട്രേഷൻ ഓഫീസ്, ഫ്രാങ്ക്ഫർട്ടിലെ ഫ്യൂണറൽ സർവീസ് ഏജൻസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് എന്നിവരെല്ലാം അതീവ സഹാനുഭൂതിയോടെയും ഒരേ മനസോടെയുമാണ് ഈ ദൗത്യത്തിൽ കൈകോർത്തത്.
സാധാരണ നിലയിൽ ദിവസങ്ങളോളം നീണ്ടുനിൽക്കാറുള്ള പൊലിസ് ക്ലിയറൻസ്, മരണ സർട്ടിഫിക്കറ്റുകൾ, എംബാമിംഗ് നടപടികൾ, കോൺസുലേറ്റിന്റെ അനുമതികൾ എന്നിവയെല്ലാം അധികൃതരുടെ സജീവ പിന്തുണയോടെ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാൻ സാധിച്ചു.
ഒരേ വിമാനത്തിൽ നാടണയും, കാത്തിരിപ്പ് ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി: മൂന്ന് മൃതദേഹങ്ങളും ഒരേ കാർഗോ വിമാനത്തിൽ തന്നെ നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ വിമാനത്തിന്റെ ലഭ്യതയും സമയക്രമവും സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിനായുള്ള കാത്തിരിപ്പിലാണ്.
വിമാനം പുറപ്പെടുന്ന തീയതിയും സമയവും ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപായി ഔദ്യോഗികമായി ലഭ്യമാകും. ഫ്ലൈറ്റ് വിവരങ്ങൾ ഉറപ്പാകുന്ന മുറയ്ക്ക് മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി അയക്കും.
ഏകോപനവുമായി നോർക്ക: മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് കേരളം സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് ആണ്.
ജർമനിയിലെ പൊലിസ്, നഗരസഭാ അധികൃതർ, ഇന്ത്യൻ കോൺസുലേറ്റ്, ഫ്യൂണറൽ ഹോം എന്നിവരുമായി നിരന്തരം സമ്പർക്കം പുലർത്തി മുഴുവൻ പേപ്പർ വർക്കുകളും കൃത്യസമയത്ത് ഏകോപിപ്പിച്ച് പൂർത്തിയാക്കിയത് നോർക്ക ജർമനി കോഓർഡിനേഷൻ കൗൺസിൽ അംഗം ജോസ് കുമ്പിളുവേലിൽ ആണ്.
പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്ക് കാണാൻ കണ്ണീരോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങൾക്ക് എത്രയും വേഗം ഭൗതികശരീരങ്ങൾ എത്തിച്ചുനൽകാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
Tags :