ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മ്യൂണിക്ക്: തെക്കൻ ജർമനിയിലെ ബവേറിയയിൽ കനത്ത മഞ്ഞുവീഴ്ചയും റോഡുകളിൽ രൂപപ്പെട്ട ബ്ലാക്ക് ഐസും ജനജീവിതം ദുസഹമാക്കി. വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയെ തുടർന്ന് അപ്പർ ബവേറിയയിൽ മാത്രം നാനൂറിലധികം വാഹനാപകടങ്ങൾ പൊലിസ് രേഖപ്പെടുത്തി.
ലോവർ ബവേറിയയിൽ എൺപതോളം സ്ഥലങ്ങളിൽ പൊലിസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിനിറങ്ങി.
ഹൈവേകളിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്
ഓസ്ട്രിയൻ അതിർത്തിയിലേക്കുള്ള എ93 ഹൈവേയിലാണ് മഞ്ഞുവീഴ്ച ഏറ്റവും കൂടുതൽ ബാധിച്ചത്. ഓസ്ട്രിയയിലെ ബ്രെന്നർ ഹൈവേ അടച്ചതും അതിർത്തിയിലെ വാഹന നിയന്ത്രണങ്ങളും റോസൻഹൈം വരെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് കാരണമായി.
ഇതേത്തുടർന്ന് എ93 ഹൈവേയുടെ തെക്കോട്ടുള്ള പാത വൈകുന്നേരം വരെ പൂർണമായും അടച്ചിട്ടു. മ്യൂണിക്കിന് സമീപം എ8 ഹൈവേയിലും ഗതാഗതം തടസപ്പെട്ടു. ഇർഷെൻബെർഗിന് സമീപം നിയന്ത്രണം വിട്ട ചരക്കുലോറി റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറി.
മിറ്റൻവാൾഡിലേക്കുള്ള ബി2 ദേശീയപാതയിൽ നിരവധി ലോറികൾ തെന്നിമാറി റോഡിന് കുറുകെ നിന്നതോടെ മഞ്ഞുനീക്കൽ പ്രവർത്തനങ്ങളും തടസപ്പെട്ടു. അപ്പർ ബവേറിയയിലെ ബി15എ പാതയിൽ 22 ടൺ ഭാരവുമായി പോയ ലോറി റോഡിൽനിന്ന് തെന്നിമാറിയതിനെ തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.
അപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക്
റോസൻഹൈം ജില്ലയിലെ ഗ്രാമീണ പാതയിൽ സമ്മർ ടയറുകളുമായി എത്തിയ ഫോക്സ്വാഗൺ കാർ നിയന്ത്രണം വിട്ട് മിനിബസുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ശൈത്യകാലത്ത് വിന്റർ ടയറുകൾ ഉപയോഗിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് പൊലിസ് വ്യക്തമാക്കി.
ഫ്യൂസനിലും മഞ്ഞിൽ തെന്നിയ കാർ എതിർദിശയിൽ വന്ന മിനിബസുമായി കൂട്ടിയിടിച്ച് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. കാറിന്റെ മേൽക്കൂര വെട്ടിമാറ്റിയാണ് അഗ്നിശമന സേനാംഗങ്ങൾ യാത്രക്കാരെ പുറത്തെടുത്തത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്കും നിസാര പരിക്കേറ്റു.
ബ്ലാക്ക് ഐസ് മുന്നറിയിപ്പ് തുടരുന്നു
വെള്ളിയാഴ്ചയും തെക്കൻ ബവേറിയയിലെ റോഡുകളിൽ മഞ്ഞുപാളികളും വഴുവഴുപ്പും തുടരുമെന്ന് ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചാറ്റൽമഴയ്ക്ക് പിന്നാലെ താപനില പൂജ്യത്തിന് താഴെയാകുന്നതോടെ റോഡുകളിൽ ബ്ലാക്ക് ഐസ് രൂപപ്പെടാൻ സാധ്യതയുണ്ട്.
വൈകുന്നേരത്തോടെ തണുപ്പ് വീണ്ടും കടുക്കുമെന്നതിനാൽ അത്യാവശ്യ യാത്രകൾ മാത്രമേ നടത്താവൂ എന്നും വാഹനങ്ങളിൽ വിന്റർ ടയറുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Tags : Snowfall Bavaria Germany HeavySnowfall BlackIce TrafficDisruption RoadAccidents