തിരുനാള്‍ ആഘോഷം
ഗ്ലോസ്റ്റര്‍: സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുനാള്‍ മാറ്റ്സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ കൊണ്ടാടി.
കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.45ന് മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം നടത്തിയതോടെ പെരുന്നാള്‍ ആഘോഷം തുടങ്ങി.
സീറോമലബാര്‍ കമ്യൂണിറ്റിയോട് എപ്പോഴും ചേര്‍ന്ന് നില്ക്കുന്ന ഫാ. ജെറി കമ്യൂണിറ്റിക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിന്സണ് മുട്ടത്തുകുന്നേല്‍ കാര്‍മികത്വം വഹിച്ചു.
പ്രവാസികളായ നമ്മളുടെ ജീവിതലക്ഷ്യം നമ്മൾ ആയിരിക്കുന്ന സഭാ സമൂഹത്തില്‍ ക്രിസ്തുവിനെ വിളംബരം ചെയ്യുകയാണെന്നും സ്വജീവിതത്തിലൂടെ ആ മഹത്വം കാണിച്ചു നല്‍കണമെന്നും ഫാ. ജിന്സണ് മുട്ടത്തുക്കുന്നേല്‍ ആഹ്വാനം ചെയ്തു.

കുഞ്ഞുങ്ങളെ കൂടെ നിര്‍ത്തി സഭയ്ക്ക് പുതിയ മുഖം നല്കാന് ഗ്ലോസ്റ്റര്‍ സമൂഹത്തിന് കഴിയട്ടയെന്ന് അദ്ദേഹം ആശംസിച്ചു. കുര്‍ബാനയ്ക്ക് ശേഷം വിശ്വാസ സമൂഹം അണിനിരന്ന പ്രദക്ഷിണം നടന്നു.
മുത്തുകുടയും കൊടിയും തിരുസ്വരൂപവും വഹിച്ചു കൊണ്ട് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം പെരുന്നാളിന്റെ പ്രധാന ആകര്‍ഷണമായി. തുടര്‍ന്ന് ലദീഞ്ഞും സ്നേഹവിരുന്നുമുണ്ടായി.
സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റ് തയാറാക്കിയ രുചികരമായ ഭക്ഷണമാണ് എവര്‍ക്കും ഒരുക്കിയത്. ചെറുപുഷ്പ മിഷന് ലീഗിന്റെ നേതൃത്വത്തില്‍ നാടന്‍ പലഹാരങ്ങള്‍ ഉള്‍പ്പെടുത്തിയ തട്ടുകട ഒരുക്കിയിരുന്നു.
ചെറിയതും രസകരവുമായ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. എസ്എംസിസി വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍ തിരുന്നാളില്‍ പങ്കെടുത്തവര്‍ക്കും തിരുനാള്‍ വിജയകരമാക്കാന്‍ പ്രയത്നിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തിൽ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ ബിജു തോമസ്, ആന്റണി ജെയിംസ്, ബില്‍ജി ലോറന്‍സ് ഷാജി ജോസഫ് എന്നിവരും പാരിഷ് കമ്മറ്റി അംഗങ്ങളും തിരുനാള്‍ വോളന്റിയേഴ്സും ചേര്‍ന്ന് മനോഹരമായാണ് തിരുനാൾ സംഘടിപ്പിച്ചത്.
Tags : Feast Gloucester