പരിപാടിയിൽ നിന്ന്
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് സിജോ ഡേവിഡിന്റെ വസതിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു. ഈശ്വരപ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. സിജോ ഡേവിഡ് സ്വാഗതം ആശംസിച്ചു.
ഐഒസി വൈസ് പ്രസിഡന്റ് ജോർജ്കുട്ടി പുന്നമട ആമുഖപ്രഭാഷണം നടത്തി. തുടർന്ന് പ്രസിഡന്റ് പ്രിൻസ് മാത്യു ഗാന്ധി ജയന്തി അനുസ്മരണ പ്രഭാഷണം നടത്തി. നവാസ് അലി, ജസീം, ജയ പ്രിൻസ് എന്നിവർ ആശംസകൾ നേർന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയതയും അക്രമവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് പ്രിൻസ് മാത്യു പറഞ്ഞു.
ഗാന്ധിജിയുടെ ലാളിത്യം, സത്യസന്ധത, അഹിംസയിലുള്ള അടിയുറച്ച വിശ്വാസം എന്നിവ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് അംഗങ്ങൾ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഐഒസി വാട്ടർഫോർഡ് ജോയിന്റ് സെക്രട്ടറി ആന്റണി പടയാട്ടിൽ നന്ദി അറിയിച്ചു.
മധുരവിതരണത്തോടെ അനുസ്മരണ പരിപാടി സമാപിച്ചു.