പ്രതീകാത്മക ചിത്രം
ഡബ്ലിൻ: ഹാലോവീൻ ആഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. ഒക്ടോബറിലെ അവസാന രാത്രിയാണ് ഹാലോവീൻ. കെൽറ്റിക് കാലത്ത് പുരാതന ഐറീഷ് ഉത്സവമായ സാംഹൈനിൽ നിന്നുമാണ് ഹാലോവീൻ ആഘോഷങ്ങൾ ഉടലെടുത്തത്.
ഓൾ ഹാലോവ്സ് ഡേ എന്ന പേരിൽ നവംബർ ഒന്നിനാണ് സകല വിശുദ്ധരുടെയും തിരുനാൾ. ഇതിനു തലേ ദിവസമായ ഒക്ടോബർ 31ന് വൈകുന്നേരം ആരംഭിക്കുന്ന ആഘോഷമായതിനാലാണ് ഇതിനു ഹാലോവീൻ എന്ന പേര് ലഭിച്ചത്. ഓൾ ഹാലോവ്സ് ഈവ് എന്നതിന്റെ ചുരുക്കപ്പേരാണ് ഹാലോവീൻ .
ഹാലോവീൻ പല കാരണങ്ങളാൽ ഹൊറെറുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാതാളത്തിലുള്ളവർ ഭൂമിയിലേക്ക് വരുന്നതിനെ അനുസ്മരിക്കുന്ന ആഘോഷമാണിത്. ഇതിന്റെ ഭാഗമായി കുട്ടികളും മുതിർന്നവരും പ്രേതപിശാചുക്കളുടെയും മന്ത്രവാദികളുടെയും മറ്റും വേഷമണിയും.
അന്നേ രാത്രി പടക്കം പൊട്ടിക്കുകയും ഉപയോഗശൂന്യമായവ തീയിടുകയും കുട്ടികൾ ട്രിക്ക് ഓർ ട്രീറ്റിനിറങ്ങുകയും ചെയ്യും. മത്തങ്ങയിൽ മുഖത്തിന്റെ വികൃത രൂപങ്ങളുണ്ടാക്കി ഇതിനുള്ളിൽ തിരി കത്തിച്ചു വയ്ക്കുന്നതും ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്.
ഇത് വിളവെടുപ്പിന്റെ അവസാനവും ശീതകാലത്തിന്റെ തുടക്കവും ആഘോഷിക്കുന്ന പുരാതന പാരമ്പര്യങ്ങളിൽ അധിഷ്ഠിതമാണ്. വീടുകളിൽ ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ഹാലോവീൻ കേക്കായ ബാംബ്രാക് മുറിക്കും.
കെയ്ക്കിൽ ഓരോ തുണിക്കഷ്ണവും കോയിനും മോതിരവും ഉണ്ടാവും. കെയ്ക്കിൽ തുണിക്കഷ്ണം ലഭിക്കുന്നവർക്ക് വരും വർഷത്തിൽ സാമ്പത്തിക അഭിവൃദ്ധി അനിശ്ചിതത്തിലാവുമെന്നും കോയിൻ ലഭിക്കുന്നവർക്ക് സമസ്ത മേഖലയിലും വിജയം ഉണ്ടാവുമെന്നുമാണ് ഐറീഷ് വിശ്വാസം.
മോതിരം ലഭിക്കുന്നവർക്ക് പ്രണയം ആസന്നസമായെന്നും തുടർന്ന് സന്തോഷത്തിന്റെ കാലമായെന്നുമാണ് വിശ്വസിച്ചു വരുന്നത്. ഹാലോവീന്റെ ഭാഗമായി രാജ്യത്തു ഒക്ടോബറിലെ അവസാന തിങ്കളാഴ്ച പൊതുഅവധിയാണ്. ഇക്കാലയളവിൽ സ്കൂളുകൾക്കു ഒരാഴ്ച അവധിയാണ്.
ഹാലോവീൻ ഉത്ഭവസ്ഥലം അയർലൻഡാണെങ്കിലും ലോകത്തു മറ്റിടങ്ങളിലും ഇത് ആഘോഷിക്കുന്നുണ്ട്. ജപ്പാൻ, ഹോങ്കോംഗ്, കൊറിയ, ഫിലിപ്പെയ്ൻസ്, യുകെ, അമേരിക്ക, മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബെൽജിയം, ഫ്രാൻസ്, സ്പെയിൻ, ഗ്രീസ്, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലും ഹാലോവീൻ വിപുലമായി ആഘോഷിക്കുന്നുണ്ട്.
ചൈനയിൽ ഗോസ്റ്റ് ഫെസ്റ്റിവൽ എന്ന പേരിൽ ഇതിനു സമാനമായ ആഘോഷമുണ്ട്.
Tags : Ireland Halloween Celebration NRINews