രാജേഷ്
റിയാദ്: ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി രാജേഷ് (58) അന്തരിച്ചു.
ദിവസങ്ങളോളം അൽഖർജിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായുള്ള രോഗവിമുക്തിക്കും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കുമായി കാത്തിരുന്ന രാജേഷിനെ സഹായിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം മുൻകൈയെടുത്തിരുന്നു.
ടിക്കറ്റ്, വീൽചെയർ, യാത്രയ്ക്കുള്ള അനുമതി എന്നിവയെല്ലാം ശരിയാക്കി യാത്രയ്ക്ക് തൊട്ടുമുമ്പ് രക്തസമ്മർദം താഴുകയും ഓക്സിജൻ അളവ് കുറയുകയും ചെയ്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കേളി പ്രവർത്തകർ ഏറ്റെടുക്കുകയും ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തു.
പലവിധ പ്രതിസന്ധികൾ മറികടന്ന് ഈ മാസം 29-ന് ദമാം വിമാനത്താവളത്തിൽ നിന്ന് ബഹ്റിൻ വഴി തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഒക്ടോബർ 30-ന് സംസ്കരിച്ചു.
കഴിഞ്ഞ 32 വർഷമായി അൽഖർജിലെ സഹന പ്രദേശത്ത് വർക്ക്ഷോപ്പ് മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു രാജേഷ്. പരേതനായ സുകുമാരപിള്ളയുടെയും ഓമന അമ്മയുടെയും മകനാണ്.
ഭാര്യ: സരിതകുമാരി.മക്കൾ: ശ്രീരാഗ്, ശ്രീനാഥ് (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: സുരേഷ് കുമാർ.
Tags : SaudiArabia TrivandrumMan NRINews Riyadh