മുഗ്ധ ദേശ്മുഖ്
പൂണെ: കുടുംബത്തെ അറിയിക്കാതെ യുകെയിൽ നിന്നും രഹസ്യമായി ഇന്ത്യയിൽ തിരിച്ചെത്തിയ യുവതി പൂനയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ സ്വദേശി മുഗ്ധ ദേശ്മുഖാണ് (34) മരിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് എംബിഎ പഠനത്തിനായി മുഗ്ധ ലണ്ടനിലേക്ക് പോയത്. അവിടെ ഒറ്റയ്ക്ക് താമസിക്കുകയും പാർട്ട് ടൈം ജോലികൾ ചെയ്യുകയുമായിരുന്നു.
ഈ മാസം 24ന് ശേഷം മുഗ്ധ ഫോൺ കോളുകളോട് പ്രതികരിക്കാതാവുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൾ ലണ്ടനിലുള്ള അവരുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടു.
22നാണ് മുഗ്ധയുമായി അവസാനമായി സംസാരിച്ചതെന്ന് സുഹൃത്ത് അറിയിച്ചു. തുടർന്ന് സുഹൃത്ത് ലണ്ടൻ പൊലിസിൽ പരാതി നൽകിയെങ്കിലും മുഗ്ധ ഓഗസ്റ്റ് അവസാനത്തോടെ യുകെ വിട്ടിരുന്നതായി പൊലിസ് അറിയിച്ചു.
പിതാവ് മുഗ്ധയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഈ മാസം എട്ടിനും 25-നും ഇടയിൽ നിരവധി ഫുഡ് ഡെലിവറി ഇടപാടുകൾ നടന്നതായി കണ്ടെത്തിയത്. ഇതിൽ ചിലത് ഉസ്മാൻപുരയിൽ നിന്നുള്ളതാണെന്ന് വ്യക്തമായതോടെ യുവതി ഇന്ത്യയിലുണ്ടെന്ന് കുടുംബം ഉറപ്പിച്ചു.
പൊലിസ് നടത്തിയ അന്വേഷണത്തിൽ പൂണെയിലെ ഗഹുംജെയിലുള്ള ലോധ ബെൽമോണ്ടോ കോംപ്ലക്സിലാണ് യുവതിയുള്ളതെന്ന് കണ്ടെത്തി. പൊലിസെത്തി ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് മുഗ്ധയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ പരിക്കുകളൊന്നും കാണ്ടത്തിയിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിലാണ് മുഗ്ധ ഈ ഫ്ലാറ്റ് വാടകയ്ക്കെടുത്തതെങ്കിലും ഓഗസ്റ്റ് മുതലാണ് ഇവിടെ താമസം തുടങ്ങിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Tags : MugdhaDeshmukh MBAStudent FoundDead London MysteriousCase NRINews